The Official Website Of Edathirinji [ Since 2002 ]
Edathirinji is fast growing village in Padiyoor Grama Panchayath just 4KM west of Irinjalakuda Municipalaty in Thrissur distrct connected to both NH-47 and NH-17 highway. Govt. has recently notified the road connected to both highways as State Highway. Though the main source of living in this small hamlet is agriculture, it is indeed a great honour to mention that a large chunck of people are abroad especially middle east, earning the much sought after foreign exchange for India.
 
You can rest be assured that there is no polarisation of religion in this village and all the communities live in harmony with the Churches, Temples and Mosques all situated 2KM radius. With co-operative bank and a reputed private bank, this village also boasts of youth organizations who regularly strive for the betterment of the people socially and culturally, not to mention of the freedom fighters who have laid their lives for India's freedom. With govt. vetinary hospital, Krishi Bhavan and the always flowing "Shanmugam Kanal", Edathirinji is a paradise of verdant greenery.
 
 
Edathirinji Pooyam 2011 Slide Show
 
Edathirinji Pooyam 2011 Slideshow: Edathirinji.Com’s trip to Edathirinji (near Trichur), Kerala, India was created by TripAdvisor. See another Trichur slideshow. Create your own stunning slideshow with our free photo slideshow maker.
 
 
 
 
 
 
 
 തെക്കൂട്ട് വലൂപറമ്പില്‍  ധര്‍മ്മന്‍ മകന്‍ ധനീഷ് ദുബായില്‍ വച്ച് മരണപ്പെട്ടു.
 
[23 April 2012 - 01:11 PM]
 
എടതിരിഞ്ഞി തെക്കൂട്ട് വലൂപറമ്പില്‍  ധര്‍മ്മന്‍ മകന്‍ ധനീഷ് കഴിഞ്ഞ ആഴ്ച ദുബായില്‍ ജോലി സ്ഥലത്ത് വച്ചുണ്ടായ അപകടത്തില്‍ മരിച്ചു. ദുബായില്‍ റഷ്ദിയ സോണാപ്പൂര്‍ മെഡിക്കല്‍ സെന്‍ററില്‍ എബാം ചെയ്ത മൃതദേഹം ഇന്നു രാവിലെ കൊച്ചിയില്‍ എമിരേറ്റ്സ് വിമാനത്തില്‍ നാട്ടില്‍ എത്തിച്ചു.   ശവസംസ്ക്കാരം ഏപ്രില്‍ 23 തിങ്കളാഴ്ച എടതിരിഞ്ഞിയിലെ വസതിയില്‍ വച്ച് നടന്നു.  എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ദുബായ് എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. ധനീഷിന്‍റെ അകാല നിര്യാണത്തില്‍ കേരള പ്രവാസി സംഘം പടിയൂര്‍ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
 
 
 
 
 
 
 
ഷണ്മുഖം കനാല്‍ മാലിന്യങ്ങള്‍ തള്ളാനുള്ളതല്ല
[06 April 2012 - 11:00 AM]

1936 കാലഘട്ടത്തില്‍ പ്രധാന മലഞ്ചരക്കുവ്യാപാരകേന്ദ്രമായിരുന്ന ഇരിഞ്ഞാലക്കുടയിലേക്ക് ഷണ്‍മുഖം ചെട്ടിയാര്‍ നിര്‍മ്മിച്ച് 1940-ല്‍ ഉദ്ഘാടനം ചെയ്ത കനാലിന്റെ മൊത്തം 7 കിലോമീറ്റര്‍ നീളത്തില്‍ പകുതിയിലേറെയും പടിയൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. ഒരു കാലത്ത്‌ നാടിന്റെ വാണിജ്യ വ്യവസായത്തിന്റെ ജീവനാഡിയായിരുന്ന ഷണ്മുഖം കനാലിനു പകരം കേരളത്തിലെ മറ്റെല്ലായിടങ്ങളിലും കാണുന്നതുപോലെ ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചപ്പുചവറുകള്‍ കൊണ്ടിടാനുള്ള ഒരു ചെളിക്കുഴിയായി മാറിയിരിക്കുന്നു ഷണ്മുഖം കനാല്‍. എഴുപതുകളുടെ അവസാനത്തോടെ കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്നിപ്പോള്‍ കനാല്‍ മണ്ണിടിഞ്ഞ്‌ നികന്ന നിലയിലാണ്‌. മിക്കവാറും ഭാഗങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ചപ്പുചവറുകള്‍ തള്ളുന്ന ഒരിടമായി ഷണ്മുഖം കനാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിനൊക്കെ പുറമെയാണ് സമീപ പ്രദേശങ്ങളില്‍  നിന്നും മാലിന്യങ്ങള്‍ ഈ കനാലിലേക്ക് ഒഴുക്കി വിടാനായുള്ള അധികാരികളുടെ പ്രവര്‍ത്തികള്‍. പ്ലാസ്റ്റിക്കും, ഹോട്ടലുകളില്‍ നിന്ന് വരുന്ന അവശിഷ്ട്ടങ്ങള്‍, തുടങ്ങി ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി വയ്ക്കുന്ന മാലിന്യങ്ങള്‍ ഈ കനാലിലൂടെ ഒഴുക്കാനുള്ള പദ്ധതികള്‍. കാലം മാറിയിട്ടും പുതിയ സാങ്കേതിക വിദ്യകള്‍ വന്നിട്ടും മാലിന്യ സംസ്കരണത്തിന് ആധുനുക പദ്ധതികള്‍ നടപ്പാക്കുന്നതിന് പകരം മറ്റു സ്ഥലങ്ങളിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കി വിടാനുള്ള പദ്ധതികള്‍ മാത്രമേ  ഭരണാധികാരികള്‍ക്ക് നടപ്പാക്കാന്‍ സാധിക്കുന്നുള്ളൂ എന്നത് വേദനാജനകമാണ്. ഇന്നത്തെ അവസ്ഥയില്‍ ഷണ്മുഖം കനാലില്‍ എന്തു മാലിന്യങ്ങള്‍ വന്നാലും അത് ഒഴുകി പോകില്ല അവിടെ തന്നെ കിടന്നു സമീപ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്‌ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിയിക്കും.  ഒരു പ്രദേശത്തെ മാലിന്യങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്ക് കാനകളും തോടുകളും കീറി ഒഴുക്കി വിട്ടു മറ്റു പ്രദേശങ്ങള്‍ ഇങ്ങനെ ആയാലും കുഴപ്പമില്ല എന്ന് കരുതുന്നത് ശരിയല്ല. ഷണ്മുഖം കനാലിനെ തികച്ചും ഒരു ശുദ്ധ ജല കനാല്‍ ആയി നില നിറുത്തുവാന്‍ ആണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്. അതിനു പകരം ചില പ്രദേശത്തെ വോട്ടു ബാങ്ക്  മാത്രം ലക്ഷ്യമാക്കി  അവിടെ നിന്നുള്ള  മാലിന്യങ്ങള്‍ തള്ളി കനാലിനെ എന്നും മാലിന്യങ്ങള്‍ മാത്രമുള്ള  കനാലായി മാറ്റാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുക. ദേശീയ-ജലപാത പദ്ധതിയുടെ ഭാഗമായി കനോലി കനാലിനെ പദ്ധതിയില്‍ ഉള്‍പെടുത്തിയതോടെ കാനോലി കനാലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഷണ്മുഖം കനാലിനെ ഫീഡര്‍ കനാലായി അംഗീകരിച്ചിട്ടുണ്ട്.    പക്ഷെ ഇരിഞ്ഞാലക്കുട മുതല്‍ കാനോലി കനാല്‍ വരെയുള്ള ഷണ്മുഖം കനാല്‍ പൂര്‍ണ്ണമായും മാലിന്യ വിമുക്തമാകേണ്ടത് നാടിന്‍റെ ആവശ്യമാണ്. മാലിന്യങ്ങള്‍ തള്ളാന്‍ ഉള്ള സ്ഥലം അല്ല ഷണ്മുഖം കനാല്‍. ഷണ്മുഖം കനാലിനെ പൂര്‍ണ്ണമായും ശുദ്ധ ജല കനാല്‍ ആയി നില നിറുത്തുവാന്‍ ഭരണാധികാരികള്‍ നടപടികള്‍ എടുക്കേണ്ടതാണ്, ഇത്തരം പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് ജനങ്ങളുടെ വോട്ടു നേടി ജയിച്ച ജനപ്രതിനിധികളും , അവരെ ജനങ്ങളിലേക്ക് ഇറക്കിയ രാഷ്ട്രീയക്കാരും.
 
സോക്കര്‍ ക്ലബ്ബിലെ  കുഞ്ഞു നക്ഷത്രങ്ങള്‍ ദുബായില്‍
[31 March 2012 - 03:03 PM]
 
എടതിരിഞ്ഞി സോക്കര്‍ ക്ലബിന്‍റെ  പരിശീലന മികവിലൂടെ പടിയൂര്‍ പഞ്ചായത്തിലെ കുരുന്നു ഫുട്ബോള്‍ പ്രതിഭകളായ ജോസ്ഫിന്‍ ജോസ്, നിനിന്‍ അലന്‍ ദുബായ് റെഗ്ബി സ്റ്റേഡിയത്തില്‍ വച്ച് ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്ന അണ്ടര്‍ 13 ദുബായ് ഇന്‍റര്‍നാഷണല്‍ സൂപ്പര്‍കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്നു.  പടിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്താരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്ക് കളിക്കാന്‍ അവസരം അവസരം ലഭിക്കുന്നത്.
 
 
 
സ്വാതിദാസിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സന്മനസുള്ളവര്‍ സഹായിക്കുക.
[20 March 2012 - 05:45 PM]
 
പടിയൂര്‍ പഞ്ചായത്ത് ഓഫീസിനു കിഴക്ക് വശം താമസിക്കുന്ന കൂളായി വേലായുധന്‍ മകള്‍ സരളയുടേയും കളത്തിത്തറ ശിവദാസന്റെയും മകന്‍ സ്വാതിദാസ് ( 22 വയസ്സ് ) കഴിഞ്ഞ രണ്ടു വര്‍ഷമായി കിഡ്നി സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. ഈ അടുത്ത ദിവസങ്ങളില്‍ രണ്ടു കിഡ്നിയുടെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. സ്വാതിദാസിനെ ഇപ്പോള്‍  തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്. സ്വാതിദാസിന്‍റെ അമ്മയുടെ വൃക്ക മകന് നല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഈ കുടുംബം. സ്വാതിദാസിന്‍റെ അച്ഛന്‍ കൂലിപ്പണി എടുത്തു കിട്ടുന്ന വരുമാനം കൊണ്ടാണ് അവരുടെ കുടുംബം കഴിയുന്നത്‌. കൂടാതെ അനിയത്തി പഠിക്കുകയാണ്. സ്വാതിദാസിന്‍റെ വൃക്ക മാറ്റിവക്കുന്നതിനായി 8 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുള്ളത്. ഈ വന്‍ തുക താങ്ങാന്‍ പറ്റാവുന്ന അവസ്ഥയിലല്ല ഈ കുടുംബം. ഈ വാര്‍ത്ത വായിക്കുന്ന നിങ്ങള്‍ക്കോ നിങ്ങളുടെ പരിചയത്തില്‍ ആര്‍ക്കെങ്കിലുമോ സ്വാതിദാസിനെ സഹായിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപ്പെടുന്നത് ഒരു ജീവന്‍ മാത്രമല്ല ഒരു കുടുംബത്തിന്‍റെ മുഴുവന്‍ പ്രതീക്ഷകള്‍ ആയിരിക്കും. സ്വാതിദാസിനെ സഹായിക്കാന്‍ സന്മനസുള്ളവര്‍ക്ക്  ദയവായി 9645528212  എന്ന നമ്പറില്‍ വിളിക്കുക.
 
 
 Edathirinji Pooyam 2012

മാസങ്ങളായി പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ലൈബ്രറിക്ക് സമീപം ഉള്ള വായനശാലയുടെ   മുറിയില്‍ ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍ക്ക് അധികാരികളുടെ തീരുമാനവും കാത്തു അവഗണിക്കപ്പെട്ടു കിടക്കുന്നു. ഗ്രാമ പഞ്ചായത്തിലെ സ്കൂള്‍കള്‍ക്ക് സമീപം സ്ഥാപിക്കേണ്ട നിരവധി ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍ ഞങ്ങള്‍ അവിടെ കണ്ടു. കഴിഞ്ഞ ഭരണ സമിതിയുടെ കാലം മുതല്‍ ഈ ബോര്‍ഡുകള്‍ ഇങ്ങനെ അവഗണിക്കപ്പെട്ടു കിടക്കുകയാണ്. പുതിയ ഭരണ സമിതി അധികാരത്തില്‍ വന്നിട്ട് 4  മാസങ്ങള്‍  കഴിഞ്ഞിട്ടും ഈ ബോര്‍ഡുകള്‍ എവിടെയും സ്ഥാപിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല എന്ന് വായനശാലയില്‍ പത്രം വായിച്ചു കൊണ്ടിരുന്ന യുവാക്കള്‍ അഭിപ്രായപ്പെട്ടു.

 
 
 
 
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 9 മത് എക്സിക്യൂട്ടീവ് കമ്മറ്റിയോഗം അബുദാബിയില്‍ വച്ച് നടന്നു.
[04 March 2011 - 2:45 PM]
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE യുടെ 9 മത് എക്സിക്യൂട്ടീവ് കമ്മറ്റിയോഗം 2011 ഫെബ്രുവരി 25 നു ഉച്ചതിരിഞ്ഞ് 1 : 30 മുതല്‍ അബുദാബിയിലുള്ള EWA - UAE യുടെ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ ശ്രീ. ഹണി നെല്ലിപറമ്പിലിന്റെ വസതിയില്‍ വച്ച് ചേര്‍ന്നു. അബുദാബി മേഖലയിലെ എടതിരിഞ്ഞി പ്രവാസി കുടുംബങ്ങളെ പ്രതിനിധീകരിച്ചു 12 പേര്‍ യോഗത്തില്‍ പങ്കെടുത്തു. EWA - UAE യുടെ അബുദാബി മേഖലയിലെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു അബുദാബി മേഖല സബ് കമ്മറ്റി രൂപീകരിച്ചു. സബ് കമ്മറ്റിയുടെ പ്രതിനിധികളായി വെളിയത്ത് സലീഷിനെയും ( 050 - 6980509 ) വൈക്കത്തികാട്ടില്‍ വിനയനെയും ( 050 - 5828219 ) തെരഞ്ഞെടുത്തു.
 
ഉത്രാളിക്കാവ് പൂരത്തിന്‍റെ 300 ല്‍ പരം  ചിത്രങ്ങള്‍ കാണുക.
[02 March 2011 - 10:30 PM]
തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം. ഐതിഹ്യങ്ങളും രാജകീയ ആചാരങ്ങളും എഴുന്നിള്ളിപ്പും നാദ താള വിസ്മയങ്ങളും ഒന്നിക്കുന്ന ഒന്നാണ് ഉത്രാളിക്കാവ് പൂരം. ഈ വര്‍ഷത്തെ ഉത്രാളിക്കാവ് പൂരത്തിന്‍റെ 300 ല്‍ പരം  ചിത്രങ്ങള്‍ എടതിരിഞ്ഞി ഡോട്ട് കോമിലൂടെ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. [എടതിരിഞ്ഞി ഡോട്ട് കോമിനു വേണ്ടി ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് ഞങ്ങളുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ - സുനില്‍ വെളിയത്ത്, ഗ്രാഫിക് ഡിജിറ്റല്‍ സ്റ്റുഡിയോ, എടതിരിഞ്ഞി ]
 

 
 
 
 
 
 
 
എടതിരിഞ്ഞി സ്വദേശി  ശ്രീ കെ. കെ. ഭരതന്‍ കൂടല്‍മാണിക്യം ദേവസ്വം മെമ്പറായി ചുമതലയേല്‍ക്കും
[28 February 2011 - 10:45 AM]
എടതിരിഞ്ഞിയിലെ സാമൂഹിക സാംസ്കാരിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ശ്രീ കെ. കെ. ഭരതന്‍ കൂടല്‍മാണിക്യം ദേവസ്വം മെമ്പറായി ഇന്നു ചുമതലയേല്‍ക്കും. മൂന്നു വര്‍ഷമാണ്‌ ഭരണ കാലാവധി. ഇതിനു മുമ്പ് ശ്രീ. ജയചന്ദ്രന്‍ അണക്കത്തിപറമ്പില്‍, ശ്രീമതി. വനജ ധര്‍മരാജന്‍ എന്നിവര്‍ ആണ് എടതിരിഞ്ഞിയില്‍ നിന്നുള്ള മെമ്പര്‍മാര്‍ ആയിരുന്നത്. ശ്രീ കെ. കെ. ഭരതന്‍ പടിയൂര്‍ പഞ്ചായത്ത് കര്‍ഷക സംഘത്തിന്‍റെ വൈസ് പ്രസിഡന്റ്‌ ആണ്. കൂടാതെ കേരള പ്രവാസി സംഘം ഇരിഞ്ഞാലക്കുട ഏരിയ ട്രഷറര്‍, കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, എടതിരിഞ്ഞി എച്. ഡി. പി സമാജം മെമ്പര്‍, എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ( EWA ) വൈസ് പ്രസിഡന്റ്‌, ഇരിഞ്ഞാലക്കുട എസ്. എന്‍. ക്ലബ്‌ ട്രഷറര്‍, എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്‍ പ്രതിനിധി, കളിയരങ്ങ് സാംസ്കാരിക സംഘടന എക്സിക്യൂട്ടീവ് മെമ്പര്‍, സാംസ്കാരിക സംഘടനയായ നന്മയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ വളരെ സജീവമായി പ്രവര്‍ത്തിക്കുന്നു. ശ്രീ കെ. കെ. ഭരതന് എടതിരിഞ്ഞി ഡോട്ട് കോം എല്ലാവിധ ആശംസകളും നേരുന്നു.
 
 
 
വെളിയത്ത് പാപ്പുട്ടി മകന്‍ സുബ്രമുണ്യന്‍ നിര്യാതനായി
[27 February 2011 - 02:00 PM
 
എടതിരിഞ്ഞി : വെളിയത്ത് പാപ്പുട്ടി മകന്‍ സുബ്രമുണ്യന്‍ ( 74 ) നിര്യാതനായി. ഭാര്യ സാവിത്രി. മക്കള്‍ : മനോജ്‌, നിധീഷ്, ശ്രീജിത്ത്‌. മരുമക്കള്‍: സരിത മനോജ്‌, ലിമി നിതീഷ്, ഹിത ശ്രീജിത്ത്‌. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.
 
 
 
 
 
 
എടതിരിഞ്ഞി പ്രിയദര്‍ശിനി റോഡ്‌ ഉദ്ഘാടനം ബഹു. ശ്രീ. തോമാസ് ഉണ്ണിയാടന്‍ എം. എല്‍. എ നിര്‍വ്വഹിച്ചു.
[27 February 2011 - 02:00 PM
 
ബഹു. ശ്രീ. പി. സി. ചാക്കോ എം. പിയുടേയും ബഹു. ശ്രീ. തോമാസ് ഉണ്ണിയാടന്‍ എം. എല്‍. എ യുടേയും ഫണ്ട്‌ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രിയദര്‍ശിനി റോഡിന്‍റെ ഉദ്ഘാടനം 2011 ഫെബ്രുവരി 27 ഞായറാഴ്ച രാവിലെ 11 മണിക്ക് എടതിരിഞ്ഞി ശ്രീനാരായണ ഗുരുമന്ദിരം പരിസരത്ത് ബഹു. എം. എല്‍. എ.  ശ്രീ. തോമാസ് ഉണ്ണിയാടന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു. സ്വാഗത പ്രസംഗം റോഡ്‌ കമ്മറ്റി കണ്‍വീനര്‍ ശ്രീ. ശിവരാമന്‍ നിര്‍വ്വഹിച്ചു.  ബഹു. പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. അജിത പീതാംബരന്‍ അധ്യക്ഷത വഹിച്ചു. ബഹു. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍, ശ്രീ ഐ. കെ. ശിവജ്ഞാനം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
 
 
 
 
 
കൂനമ്മാക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി ഭാര്യ കാളിക്കുട്ടി നിര്യാതയായി.
 
[24 February 2011 - 07:55 PM]
എടതിരിഞ്ഞി : മരോട്ടിക്കല്‍ കൂനമ്മാക്കല്‍ പരേതനായ കൃഷ്ണന്‍കുട്ടി ഭാര്യ കാളിക്കുട്ടി (91) നിര്യാതയായി. മക്കള്‍ : ബാലന്‍ (സെന്‍റ്. മേരീസ് എല്‍. പി. സ്കൂള്‍ ഡ്രൈവര്‍), സുരേന്ദ്രന്‍ (ബിസിനസ്‌, മുംബൈ). മരുമക്കള്‍ : ഇന്ദിര, സുരജ.
 
 
 
 
 
 
 
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫോട്ടോ എടുക്കല്‍
[19 February 2011 - 12:25 PM]
പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫെബ്രുവരി 22 തിയ്യതിയില്‍ നടത്തുന്നു. 1 ,2 ,3, 4 ,5, 11 ,12 ,13 ,14 വാര്‍ഡുകളുടെ ഫോട്ടോ എടുക്കല്‍ എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം ഹാളിലും, 6 ,7 ,8 ,9 ,10 വാര്‍ഡുകളുടെ ഫോട്ടോ എടുക്കല്‍ ആംഗ്ലോ ഇന്ത്യന്‍ യു.പി.സ്കൂളിലും നടത്തുന്നു.
 
പൂയ്യ മഹോത്സവം വീഡിയോ & ഫോട്ടോസ് എടതിരിഞ്ഞി ഡോട്ട് കോമില്‍
[16 February 2011 - 11:10 PM]
എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യമഹോത്സവം ആഘോഷിച്ചു. എടതിരിഞ്ഞി നടുമുറി, വടക്കും മുറി, പടിയൂര്‍, കാക്കത്തുരുത്തി എന്നീ വിഭാഗങ്ങളിലായുള്ള കാവടിയാട്ടം ഉച്ചക്ക് നടന്നു. ഉച്ചതിരിഞ്ഞ്‌ 4 ന് കാഴ്‌ചശീവേലി, വൈകീട്ട്‌ 7 ന് ദീപാരാധന, അത്താഴപൂജ എന്നിവ നടന്നു. പൂയ്യ മഹോത്സവത്തിന്‍റെ ഫോട്ടോകളും വീഡിയോ ചിത്രങ്ങളും കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
 
 
 
 
 
 
 
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 നു കൊടിയേറി
[11 February 2011 - 10:35 PM]
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 നു തുടക്കമായി.  ഇന്നു  ഫെബ്രുവരി 11 - വെള്ളിയാഴ്ച ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 7 നും 8 : 40 നും മദ്ധ്യേ കൊടിയേറ്റം ക്ഷേത്രം മേല്‍ശാന്തി ശ്രീ. സി. വി. രവീന്ദ്രന്‍ നിര്‍വഹിച്ചു. പൂയ്യ മഹോത്സവം 2011 നു വേണ്ടി ഞങ്ങള്‍ തയ്യാറാക്കിയ വെബ്‌ പേജില്‍ നിന്നു പൂയ്യ മഹോത്സവം 2011 സമാജം നോട്ടീസ് ഡൌണ്‍ലോഡ് ചെയ്യാം, കൂടാതെ കൊടിയേറ്റത്തിന്‍റെ ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക. [ എടതിരിഞ്ഞി ഡോട്ട് കോമിനു വേണ്ടി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് ഞങ്ങളുടെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫര്‍ സുനില്‍ വെളിയത്ത്, ഗ്രാഫിക് സ്റ്റുഡിയോ, എടതിരിഞ്ഞി ]
 
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011
[10 February 2011 - 09:35 PM]
എടതിരിഞ്ഞി H . D . P സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ പൂയ്യ മഹോത്സവം 2011 ഫെബ്രുവരി 11 മുതല്‍ 17 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കുന്നു. എടതിരിഞ്ഞി നടുമുറി, വടക്കുമുറി, പടിയൂര്‍, കാക്കാത്തുരുത്തി എന്നീ വിഭാഗങ്ങളിലായി കാവടി, പൂരം എന്നിവയില്‍ വാശിയേറിയ മത്സരം.
ഉത്സവ പരിപാടികള്‍
ഫെബ്രുവരി 11 - വെള്ളിയാഴ്ച : - വിശേഷാല്‍ പൂജകള്‍ക്ക് ശേഷം രാത്രി 7 നും 8 : 40 നും മദ്ധ്യേ കൊടിയേറ്റം ക്ഷേത്രം മേല്‍ശാന്തി ശ്രീ. സി. വി. രവീന്ദ്രന്‍ നിര്‍വഹിക്കുന്നു.
ഫെബ്രുവരി 12 - ശനിയാഴ്ച : - ഗണപതിഹവനം, കൊടിപ്പുറത്തു വിളക്ക്
ഫെബ്രുവരി 13 - ഞായറാഴ്ച :-  കലശാഭിഷേകം, വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്തല്‍, ദീപാരാധന അത്താഴപ്പൂജ.
ഫെബ്രുവരി 14 - തിങ്കളാഴ്ച :- രാവിലെ 5 മണിക്ക് ഗണപതിഹവനം, അഭിഷേകം, വിശേഷാല്‍ പൂജകള്‍, ചുറ്റുവിളക്ക്, നിറമാല, ഹിടുംബ സ്വാമിക്ക് പൂജ, വലിയ വിളക്ക്, ദീപാരാധന, ദീപാരാധനക്ക് ശേഷം പോത്താനി ശിവ നന്ദന അവതരിപ്പിക്കുന്ന ചിന്തു പാട്ട്, അത്താഴ പൂജ
ഫെബ്രുവരി 15  ചൊവ്വാഴ്ച :- രാവിലെ 5 നു ഗണപതി ഹവനം തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍, രാത്രി 8 നു തൃശൂര്‍ ബ്രഹ്മപുത്ര അവതരിപ്പിക്കുന്ന നാടകം " അണിയറപൊന്ന് "
ഫെബ്രുവരി 16 ബുധനാഴ്ച :- രാവിലെ 4 മണിക്ക് നിര്‍മ്മാല്യ ദര്‍ശനം, 4 : 30 നു ഗണപതിഹവനം, രാവിലെ 5 മണിക്ക് അഭിഷേകങ്ങള്‍, വിശേഷാല്‍ പൂജകള്‍, രാവിലെ 9 മണിക്ക് എഴുന്നുള്ളിപ്പ് തുടര്‍ന്ന് അഭിഷേകങ്ങള്‍, പറ വഴിപാടുകള്‍. ഉച്ചക്ക് 12 : 30 മുതല്‍ കാവടി വരവ്, ഉച്ചതിരിഞ്ഞ് 4 നു കാഴ്ച ശീവേലി ( കൂട്ടി എഴുന്നിള്ളിപ്പ് ) വൈകീട്ട് 7 നു ദീപാരാധന, അത്താഴപൂജ. രാത്രി 9 നു കമിക്സ് ഷോ (വണ്‍മാന്‍ ഷോ ) സജികുമാര്‍ മുവാറ്റുപുഴ ( ജൂനിയര്‍ എം ജി ശ്രീകുമാര്‍ ). രാത്രി 12 : 30 മുതല്‍ ഭസ്മ കാവടി വരവ്
ഫെബ്രുവരി 17 വ്യാഴാഴ്ച : - രാവിലെ 3 നു എഴുന്നിള്ളിപ്പ്. രാവിലെ 6 : 30 നു ആറാട്ട്‌ പുറപ്പാട് , രാവിലെ 7 : 30 നു ആറാട്ട്‌. എടതിരിഞ്ഞി വടക്കുമുറി കോതറ ആറാട്ടുകടവില്‍, ആറാട്ടിന് ശേഷം ദേവനും പരിവാരങ്ങളും വാദ്യ മേളങ്ങളോടെ ചെട്ടിയാല്‍ കൂടി പോസ്റ്റ്‌ ഓഫീസ് ജംഗ്ഷന്‍ വഴി ക്ഷേത്ര തിരുസന്നിതിയില്‍ എത്തി പ്രദക്ഷിണ ശേഷം കൊടിയിറക്കത്തോടെ ഉത്സവ പരിപാടികള്‍ സമാപിക്കുന്നു.
ഈ വര്‍ഷത്തെ പൂയാഘോഷത്തിന്‍റെ വിവരങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവക്കായി എടതിരിഞ്ഞി ഡോട്ട് കോം ഒരു പുതിയ പേജ് തയ്യാറാക്കുന്നു. ആ പേജിലേക്ക് പോകുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
 
കണ്ണുള്ളവര്‍ എടതിരിഞ്ഞിയിലെ ഈ കുടുംബത്തിന്‍റെ സങ്കടം കണ്ടിരുന്നെങ്കില്‍...
[09 February 2011 - 03:15 PM]
സ്വന്തം കൂരയ്‌ക്കു വിളക്കാവേണ്ട പെണ്‍മക്കളുടെ കണ്ണിലെ വെളിച്ചം വിധി കവര്‍ന്നതിന്റെ തീരാദുഃഖത്തിലാണു എടതിരിഞ്ഞി മാടേനി വീട്ടില്‍ നാണുക്കുട്ടനും ഭാര്യ ഗീതയും. ഇവരുടെ മക്കളായ നീതു(19)വിനും ഗ്രീഷ്‌മ(14)യ്‌ക്കും നയന(10)യ്‌ക്കും കാഴ്‌ചയുടെ ലോകം അന്യമാണ്‌. പിറന്നുവീണ്‌ രണ്ടുവര്‍ഷം തികയും മുമ്പേ നിത്യാന്ധകാരത്തില്‍ പതിച്ചവര്‍. കയറിക്കിടക്കാന്‍ ഒരു ഒറ്റമുറി പലകവീടു മാത്രമുള്ള നാണുക്കുട്ടന്‍ മക്കളുടെ ചികിത്സയ്‌ക്കായി മുട്ടാത്ത വാതിലുകളില്ല. നീതുവിനും ഗ്രീഷ്‌മയ്‌ക്കും രണ്ടുവയസുവരെ കാഴ്‌ചയുണ്ടായിരുന്നു. കാഴ്‌ച നഷ്‌ടപ്പെട്ടതിനു പുറമേ ഗ്രീഷ്‌മ അരയ്‌ക്കു കീഴ്‌പ്പോട്ടു തളര്‍ന്ന അവസ്‌ഥയിലുമാണ്‌. പരസഹായമില്ലാതെ എണീറ്റു നില്‍ക്കാനാവില്ല. ഇളയകുട്ടി നയനയ്‌ക്ക് കാഴ്‌ചയെന്നാല്‍ പുകമഞ്ഞുപോലെ. എത്രയും വേഗം വിദഗ്‌ധചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ കുട്ടിയും പൂര്‍ണഅന്ധതയ്‌ക്കു കീഴ്‌പ്പെടുമെന്നു ഡോക്‌ടര്‍മാര്‍ പറയുന്നു.

ആലുവ കീഴ്‌മാട്‌ അന്ധവിദ്യാലയത്തിലാണു മൂവരും പഠിച്ചിരുന്നത്‌. നീതു എട്ടാംക്ലാസ്‌വരെയും ഗ്രീഷ്‌മ അഞ്ചാംക്ലാസ്‌വരെയും പഠിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുമൂലം തുടര്‍ന്നു പഠിപ്പിക്കാന്‍ നിവൃത്തിയില്ലാതെ നാണുക്കുട്ടനും ഗീതയും കുട്ടികളെ തിരികെ കൊണ്ടുപോരുകയായിരുന്നു. കണ്ണിലേക്കുള്ള ഞരമ്പുകളില്‍ രക്‌തപ്രവാഹം നിലച്ചതാണ്‌ അന്ധതയ്‌ക്കു കാരണം. വിദഗ്‌ധചികിത്സ ലഭിച്ചാല്‍ ഇവര്‍ക്കു കാഴ്‌ച ലഭിക്കുമെന്നു ചികിത്സിച്ച ഡോക്‌ടര്‍മാര്‍ പറയുന്നു. അതിനുള്ള ഗതിയില്ലാതെ നട്ടം തിരിയുകയാണു മാതാപിതാക്കള്‍. ലോട്ടറി വിറ്റുകിട്ടുന്ന തുച്‌ഛവരുമാനത്തിലായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്‌. അന്യസംസ്‌ഥാന ലോട്ടറി നിരോധിച്ചതോടെ ആ വരുമാനം നിലച്ചു. ഇപ്പോള്‍ ടെമ്പോവാന്‍ ഓടിക്കുകയാണ്‌ നാണുക്കുട്ടന്‍. എട്ടു സെന്റ്‌ ഭൂമിയാണ്‌ ആകെ സമ്പാദ്യം. നാണുക്കുട്ടന്റെ നാലു സഹോദരങ്ങള്‍ക്കും അതിന്റെ വീതം നല്‍കണം. പലകകൊണ്ടു മറച്ച ഒറ്റമുറി വീട്ടിലാണു മൂന്നു പെണ്‍മക്കളുമൊത്ത്‌ ഇവര്‍ താമസിക്കുന്നത്‌. പാചകവും മുറിയുടെ ഒരു മൂലയില്‍ത്തന്നെ. വൈദ്യുതിയില്ല. മഴവെള്ളം വീട്ടില്‍ കയറിയതിനാല്‍ ഇപ്പോള്‍ അടുത്തുള്ള പീടികമുറിയിലാണു കഴിയുന്നത്‌. സ്വന്തം പേരില്‍ ആധാരമില്ലാത്തതിനാല്‍ പഞ്ചായത്തില്‍ ഭവനവായ്‌പയ്‌ക്ക് അപേക്ഷിക്കാനായില്ല. മഴക്കാലത്ത്‌ മുറ്റത്തും കൂരയിലും വെള്ളം കയറും. വിഷപ്പാമ്പുകളുടെ ശല്യവും രൂക്ഷം. കാഴ്‌ചയില്ലാത്ത പെണ്‍മക്കളെ വീട്ടില്‍ തനിച്ചാക്കി ജോലിക്കു പോകാന്‍ ഗീതയ്‌ക്കു കഴിയുന്നില്ല. കുടുംബശ്രീ യൂണിറ്റില്‍ അംഗമായിരുന്നെങ്കിലും പതിവായി പങ്കെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ പേരു വെട്ടി.

അന്ധരായ പെണ്‍മക്കളുടെ ചികിത്സയ്‌ക്കായി നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും പണമില്ലാത്തതിനാല്‍ നടന്നില്ല. രണ്ടുവര്‍ഷം മുമ്പ്‌ മൂവരുടെയും ഒരു മാസത്തെ ചികിത്സയ്‌ക്ക് ഇരുപതിനായിരം രൂപയിലധികം ചെലവായി. ചികിത്സ തുടരാന്‍ നിവൃത്തിയില്ലാതെ കണ്ണീരോടെ ആശുപത്രിയുടെ പടിയിറങ്ങി. പട്ടികജാതിക്കാരായ നാണുക്കുട്ടനും കുടുംബത്തിനും സര്‍ക്കാരില്‍നിന്നു യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. പ്രസവം നിര്‍ത്താനുള്ള ശസ്‌ത്രക്രിയ ചെയ്യുന്നവര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന തുച്‌ഛമായ തുകപോലും അന്നത്തെ പഞ്ചായത്ത്‌ അധികൃതര്‍ നല്‍കിയില്ല. ചികിത്സാ ധനസഹായത്തിനായി ഗ്രാമസഭകളിലും പഞ്ചായത്തിലും നിരവധിതവണ അപേക്ഷിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ്‌ അധികൃതര്‍ മുഖം തിരിച്ചു. തങ്ങളുടെ ലോകം വര്‍ണപ്പകിട്ടുള്ളതല്ലെന്ന്‌ ഈ മൂന്നു പെണ്‍കുട്ടികള്‍ക്കും അറിയാം. എങ്കിലും തങ്ങളെച്ചൊല്ലി നീറിനീറിക്കഴിയുന്ന മാതാപിതാക്കളെയെങ്കിലും ഒരുനോക്കു കാണാനായിരുന്നെങ്കില്‍ എന്നതാണ്‌ ഇവരുടെ ഏറ്റവും വലിയ മോഹം. കണ്ണുള്ളവര്‍ ഈ സങ്കടം കണ്ടിരുന്നെങ്കില്‍...
 
തെക്കേതലയ്ക്കല്‍ രാമകൃഷ്ണന്‍  നിര്യാതനായി
[06 February 2011 - 03:55 PM]
എടതിരിഞ്ഞി തെക്കേതലയ്ക്കല്‍ രാമകൃഷ്ണന്‍  ഗള്‍ഫില്‍ ഹൃദയാഘാതം മൂലം  നിര്യാതനായി. ഭാര്യ : രാജി. മക്കള്‍ : രഞ്ജിത്ത്, രാഖി.
 
 
 
 
എടതിരിഞ്ഞി സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇന്‍റര്‍നെറ്റില്‍
[02 February 2011 - 08:00 PM]
എടതിരിഞ്ഞി ഡോട്ട് കോം ടീമില്‍ നിന്ന് ഒരു വെബ്സൈറ്റ് കൂടി എല്ലാ എടതിരിഞ്ഞിക്കാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റ്കളുടെ പ്രാധാന്യം കണക്കിലെടുത്ത് ഞങ്ങള്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്സൈറ്റ് അവതരിപ്പിക്കുന്നു - (Edathirinji Social Network).  ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നവര്‍ക്ക് ആ അക്കൗണ്ട്‌ ഉപയോഗിച്ചും പുതിയ അംഗങ്ങള്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് തുറക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
 
തളിശ്ശേരി രാമന്‍ മകന്‍ ഷണ്മുഖന്‍  നിര്യാതനായി
[30 January 2011 - 09:15 PM]
എടതിരിഞ്ഞി തളിശ്ശേരി രാമന്‍ മകന്‍ ഷണ്മുഖന്‍ (68 വയസ്സ്) നിര്യാതനായി. ചന്ദ്രികയാണ് ഭാര്യ. മക്കള്‍ : ലിഷ ഗോപാലന്‍, ലിജി സുനില്‍, ലിബി സതീഷ്‌ എന്നിവരാണ്.
 
 
 
 
 
 
 
റിപ്പബ്ലിക് ദിനത്തില്‍ എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ ദേശീയ പതാക തല തിരിച്ചു കെട്ടി.
[26 January 2011 - 10:15 AM]
റിപ്പബ്ലിക് ദിനത്തില്‍ എടതിരിഞ്ഞി സര്‍വീസ് സഹകരണ ബാങ്കില്‍ ദേശീയ പതാക തല തിരിച്ചു കെട്ടി. ഭാരതത്തിന്‍റെ ദേശീയ പതാകയെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്തെ അപമാനിക്കുന്നതിനു തുല്യം. സംഭവം അറിഞ്ഞ ജനങ്ങള്‍ ഇതിലുള്ള ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. പല കാര്യങ്ങളിലും സര്‍വീസ് സഹകരണ ബാങ്ക് ഇതു പോലെ ഉത്തരവാദിത്തം ഇല്ലാതെ ഉദാസീനമായി ആണ് പെരുമാറുന്നത് എന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.
 
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
[18 January 2011 - 02:00 PM]
ദുബായ് : ശബരിമല മകരജ്യോതി ദര്‍ശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തരുടെ വണ്ടിപെരിയാര്‍ പുല്ലുമേട്ടില്‍ വച്ചുണ്ടായ അതിദാരുണമായ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ വിയോഗത്തില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ EWA - UAE എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
 
കോറാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആഘോഷം അശ്വതി മഹോത്സവം
[18 January 2011 - 02:00 PM]
എടതിരിഞ്ഞി കോറാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിന ആഘോഷം അശ്വതി മഹോത്സവവും 2011 ഫെബ്രുവരി 6 മുതല്‍ 9 വരെ യുള്ള തിയ്യതി കളില്‍ നടത്തപ്പെടുന്നു. മുത്തപ്പന്‍, ദേവി, ഉപദേവന്മാര്‍, നാഗങ്ങള്‍ എന്നിവര്‍ക്ക് കളങ്ങളും പാട്ടും, പ്രതിഷ്ഠ ദിന ചടങ്ങുകള്‍, ദേവിയുടെ എഴുന്നെള്ളിപ്പ്, നാടകം എന്നിവ ഈ ദിനങ്ങളില്‍ ഉണ്ടാകും. ക്ഷേത്രോത്സവം നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക
 
ദുബായില്‍ സെയില്‍സ്മാന്‍റെ ഒഴിവുണ്ട്.
[18 January 2011 - 09:30 AM]
ഒന്നോ രണ്ടോ വര്‍ഷത്തെ ഗള്‍ഫ്‌ പ്രവര്‍ത്തി പരിചയവും, ഡ്രൈവിംഗ് ലൈസന്‍സ്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ അറിയാവുന്നവരും, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളതുമായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ഇന്നു തന്നെ  ബയോഡാറ്റ sanil@crosswords.ae   എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുക.
 
പടിയൂരിലെ കുടിവെള്ള പദ്ധതിക്ക് കെ.ഇ. ഇസ്മയില്‍ എം.പി.യുടെ പ്രാദേശിക വികസന  ഫണ്ടില് നിന്ന് ‍ 5 ലക്ഷം അനുവദിച്ചു
[05 January 2011 - 10:00 AM]
എടതിരിഞ്ഞി : പടിയൂരിലെ കുടിവെള്ള പദ്ധതിക്കായി കെ.ഇ.ഇസ്മയില്‍ എം.പി.യുടെ പ്രാദേശിക വികസന  ഫണ്ടില്‍ നിന്ന്‍ 5 ലക്ഷം രൂപ അനുവദിച്ചു.  ഇരിങ്ങാലക്കുട എം.എല്‍.എ, തൃശ്ശൂര്‍ എം.പി, സംസ്ഥാന സര്‍ക്കാര്‍ പടിയൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്തിനായി ഫണ്ട് അനുവദിക്കണമെന്നും, സംയോജിത കുടിവെള്ള പദ്ധതി നടപ്പിലാക്കി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നും സി.പി.ഐ.ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു.
 
പടിയൂര്‍ റോഡില്‍ രാവിലെ സാമൂഹ്യവിരുദ്ധരുടെ ആക്രമണ പരമ്പര
[03 January 2011 - 02:45 PM]
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് അതിര്‍ത്തിയില്‍ വളവനങ്ങാടി മുതല്‍ പടിയൂര്‍ പഞ്ചായത്ത് വരെയുള്ള  പ്രധാന റോഡില്‍ രാവിലെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം നടക്കാനിറങ്ങുന്ന വീട്ടമ്മമാര്‍ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണ പരമ്പര. ബൈക്കില്‍ വരുന്ന ചിലര്‍ നടക്കാനിറങ്ങുന്നവരെ ആക്രമിക്കുകയും പെട്ടെന്ന് തന്നെ കടന്നു കളയുകയുമാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. ഹെല്‍മറ്റ് ധാരികളായ ഇവരെ പെട്ടെന്ന് തിരിച്ചറിയുവാന്‍ ആക്രമണത്തില്‍ ഭയചികിതരായ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. പ്രസ്തുത പ്രശ്നം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട് [ വാര്‍ത്ത നല്‍കിയത് : ശ്രീ. ശിവരാമന്‍ കൊല്ലംപറമ്പില്‍, എടതിരിഞ്ഞി ]
 
ചേലൂര്‍ പള്ളി പെരുന്നാള്‍ ആഘോഷിച്ചു
[02 January 2011 - 10:15 PM]
എടതിരിഞ്ഞി ചേലൂര്‍ പള്ളിയിലെ പെരുന്നാള്‍ ആഘോഷങ്ങള്‍ ജനുവരി 01 , 02 തിയ്യതികളിലായി നടന്നു.  രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷങ്ങളില്‍  ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വൈകീട്ട് നടന്ന വെടിക്കെട്ടിന്‍റെ ദൃശ്യങ്ങള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
 
എടതിരിഞ്ഞിയില്‍ വാഹനാപകടം - യുവാവിനു ഗുരുതരമായി പരിക്കേറ്റു.
[30 December 2010 - 09:45 PM]
എടതിരിഞ്ഞി ഷാപ്പിനു സമീപം ബൈക്കില്‍ ടിപ്പറിടിച്ച്‌ ബൈക്ക്‌ യാത്രക്കാരനായ യുവാവിന്‌ ഗുരുതരമായി പരിക്കേറ്റു. ചേലൂര്‍ വടക്കന്‍ വീട്ടില്‍ ആന്റോ മകന്‍ ആഷിക്കിനാണ്‌ പരിക്കേറ്റത്‌. രാവിലെ 9.45 ഓടെയാണ്‌ സംഭവം. തലയിടിച്ചു വീണ ആഷിക്കിനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ നിന്നും തൃശ്ശൂര്‍ എലൈറ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. ഇടിച്ച ടിപ്പര്‍ നിര്‍ത്താതെ പോയി.  ആരാധനാലയങ്ങളും വിദ്യാലയങ്ങളും ഉള്ള ഈ മേഖലയില്‍ ടിപ്പര്‍ പോലുള്ള  വാഹനങ്ങളുടെ  സ്പീഡ് നിയന്ത്രിക്കാന്‍ നടപടികള്‍ ഉണ്ടാകണം. പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍ തയ്യാറായി എങ്കിലും അത് സ്ഥാപിക്കാനുള്ള നടപടി ആയിട്ടില്ല.  ഗ്രാമ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന പ്രദേശങ്ങളില്‍ അടിയന്തിരമായി സ്പീഡ് ലിമിറ്റ് മുതലായ കാര്യങ്ങള്‍ ഉള്ള  ട്രാഫിക്‌ സൈന്‍ ബോര്‍ഡുകള്‍ എത്രയും പെട്ടെന്ന് സ്ഥാപിക്കണം.
 
പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 10 വര്‍ഷത്തില്‍ നടപ്പാക്കിയ പദ്ധതി വിവരങ്ങള്‍ (1997 - 2007 )
[28 December 2010 - 09:45 PM]
പടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 1997 - 1998  മുതല്‍ 2006 - 2007 വരെയുള്ള പദ്ധതി വരവ് ചെലവു കണക്കുകള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. ഇതില്‍ പ്രൊജക്റ്റ്‌, പദ്ധതി വിഹിതം, തനതു ഫണ്ട്, സംസ്ഥാനവിഷ്കൃത പരിപാടി, കേന്ദ്രാവിഷ്കൃത പരിപാടി, ഏക്‌സ്റ്റേണാലി എയിഡഡു  പദ്ധതികള്‍, സഹകരണ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, സന്നദ്ധ സേവനം - സംഭാവന, ഗുണഭോക്തൃ വിഹിതം( സ്ഥാപനത്തില്‍ അടക്കുന്ന തുക), ഗുണഭോക്തൃ വിഹിതം (നേരിട്ട് ചെലവഴിക്കുന്ന തുക), ജില്ലാ പഞ്ചായത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ഫണ്ട് എന്നിവ ഇതില്‍ നിന്ന് അറിയാം. 
ഓരോ പ്രദേശത്തും എന്തൊക്കെ ചെയ്തു എന്നും ചെയ്തില്ല എന്നും ഇതില്‍ നിന്ന് അറിയാം  [ ഇവിടെ ക്ലിക്ക് ചെയ്യുക ]
 
എടതിരിഞ്ഞി ഡോട്ട് കോം പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ  പുതിയ ഭരണസമിതിക്ക് നല്‍കിയ നിവേദനത്തിന്റെ പൂര്‍ണ്ണരൂപം
[27 December 2010 - 09:40 PM]
 
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി മുമ്പാകെ എടതിരിഞ്ഞിയിലെ പ്രഥമ ഇന്റര്‍നെറ്റ്‌ വാര്‍ത്താ വെബ്‌സൈറ്റായ എടതിരിഞ്ഞി ഡോട്ട് കോം ഞങ്ങളുടെ സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ നിവേദനം.
 
[ 1 ] കാര്‍ഷിക വികസന മേഖല : - കേരളത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നമ്മുടെ പഞ്ചായത്ത് വളരെ പിറകിലാണ്. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇന്ത്യയില്‍ പെട്രോളിന്‍റെ വില ഇനിയും ഉയരാം കാരണം വിലനിയന്ത്രണം എടുത്തു കളഞ്ഞു എന്നത് തന്നെ. അത്തരം സാഹചര്യത്തില്‍ ഗതാഗത ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില അടുത്ത ഒരു വര്‍ഷത്തിനകം ഇരട്ടിയാകാനാണ് സാധ്യത. അന്യ സംസ്ഥാനങ്ങളില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിച്ച് വിഷാംശങ്ങള്‍ കലര്‍ന്ന പച്ചക്കറികള്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം പഞ്ചായത്തിനു ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ നട്ടു വളര്‍ത്താന്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.  ഇന്നു പലര്‍ക്കും താല്പര്യം ഉണ്ടെങ്കിലും അതിനാവശ്യമായ നല്ലയിനം വിത്തുകള്‍, ജൈവ വളങ്ങള്‍, കൃഷി രീതികള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകേണ്ടിയിരിക്കുന്നു.
 
കേരളത്തിലെ പല പഞ്ചായത്തുകളും അവിടത്തെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുസരിച്ച് പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പല പഞ്ചായത്തുകളും ഇക്കാര്യത്തില്‍ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് സാക്ഷരതാ പദ്ധതി നടപ്പാക്കിയ അതേ രീതിയില്‍ നമ്മുടെ നാട്ടില്‍ ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നതിന് പ്രത്യേകമായ സ്വാശ്രയ ഗ്രാമ പ്രവര്‍ത്തന പദ്ധതികള്‍ ദീര്‍ഘകാല വീക്ഷണത്തോട് കൂടി നടപ്പാക്കാന്‍ പുതിയ ഭരണ സമിതിയെങ്കിലും നടപടിയെടുക്കുക. ഇത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ മറ്റു പഞ്ചായത്തുകളെ മാതൃകയാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചു ഇവിടേയും നടപ്പാക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നവരെ കൂടി ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂടാതെ കാര്‍ഷിക വികസന മേഖലയില്‍ അടുത്ത 20 വര്‍ഷത്തിനകം എങ്ങനെയായിരിക്കണം എന്നു കൃത്യമായ പ്ലാന്‍ ഉണ്ടാക്കി അതിനെ വിലയിരുത്തി വേണം ദീര്‍ഘകാലപദ്ധതികള്‍  ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍.
 
[ 2 ] അടിസ്ഥാന ആവശ്യങ്ങള്‍ - കുടിവെള്ളം, റോഡ്‌, തെരുവ് വിളക്കുകള്‍ :- 
മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്തിനു പരിപൂര്‍ണ്ണ വിജയം അവകാശപ്പെടാനാകില്ല. കാരണം പടിയൂര്‍ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ ആണ്. പേരിനു പൈപ്പ് ലൈനുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുന്ടെങ്കിലും കുടിവെള്ളം ലഭ്യമാകുന്നത് വളരെ അപൂര്‍വ്വമായാണ്‌. ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ അടിയതിരമായി ചെയ്യണം.

മഴക്കാലത്ത് തോടുകളായി മാറുന്ന പല റോഡുകളും ഈ ഗ്രാമ പഞ്ചായത്തില്‍ ഉണ്ട്. അത്തരം റോഡുകള്‍ ജനങ്ങള്‍ക്ക്‌ നടന്നു പോകാവുന്ന രീതിയിലെങ്കിലും ഉള്ള റോഡുകളാക്കി മാറ്റാന്‍ ഇന്നു കേരളത്തില്‍ ഏതൊക്കെ ഫണ്ടുകള്‍ ലഭ്യമാണോ അതൊക്കെ ഉപയോഗിച്ച് കൊണ്ട് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനു അടിയന്തിര നടപടികള്‍ എടുക്കുക.

അതുപോലെ തന്നെയാണ് തെരുവ് വിളക്കിന്‍റെ കാര്യവും പഞ്ചായത്തിലെ പല റോഡിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. 30 വര്‍ഷത്തിലേറെയായി ജനങ്ങള്‍ ബന്ധപ്പെട്ട പല അധികാരികള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, റോഡ്‌, തെരുവ് വിളക്ക് എന്നീ വിഷയങ്ങള്‍ക്ക്‌ പുതിയ പഞ്ചായത്ത് ഭരണ സമിതി ശക്തമായ നടപടികള്‍ കൈകൊള്ളണം.

[ 3 ] നാട്ടില്‍ കുറച്ചു പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കണം :കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലഘട്ടത്തില്‍ എടതിരിഞ്ഞി ഡോട്ട് കോം പ്രതിനിധി പടിയൂര്‍ പഞ്ചായത്തില്‍ വിദേശ മലയാളികളുടെ സഹായ സഹകരണത്തോടുകൂടി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് എല്ലാ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്ത ഒരു യോഗത്തില്‍ സംസാരിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വച്ച് നടന്ന " ഫോക്കസ് കേരള" എന്ന നിക്ഷേപ സമാഹരണ യോഗത്തിന്‍റെ ഫലമായി ആ യോഗത്തില്‍ പങ്കെടുത്ത പല പഞ്ചായത്ത് പ്രസിഡന്റ്‌മാരും കോടികള്‍ വരുന്ന പദ്ധതികള്‍ അവരുടെ പഞ്ചായത്തുകള്‍ക്ക് നേടിയെടുത്തു. മാളക്കടുത്ത് കുഴൂരില്‍ 10 കോടി രൂപ ചെലവിട്ടു ബാഗ് നിര്‍മ്മാണ യൂണിറ്റ്, കൂടാതെ 600 കോടി രൂപ ചെലവില്‍ ഫുഡ്‌ പ്രോസിസ്സിംഗ് പാര്‍ക്ക്‌ വരുന്നു. ഇതെല്ലാം ആ യോഗത്തില്‍ പങ്കെടുത്തത് കൊണ്ട് മാത്രം അവര്‍ക്ക് ലഭിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ പഞ്ചായത്തില്‍ നിന്ന് ആരും പങ്കെടുക്കാത്തത് കൊണ്ടാകാം അല്ലെങ്കില്‍ കര്‍ത്തവ്യ നിര്‍വഹണത്തിലെ പാളിച്ചയായിരിക്കാം ഒരു പദ്ധതിയും പടിയൂരിനു ലഭിച്ചില്ല.

ഏതെങ്കിലും ഒരു വ്യവസായ സംരംഭം നാട്ടില്‍ ഉണ്ടായാല്‍ മാത്രമേ അനുബന്ധമായി ഒട്ടേറെ സംരംഭങ്ങള്‍ ഇവിടെ വരികയുള്ളൂ. അതിനാല്‍ പടിയൂര്‍ പഞ്ചായത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും അടുത്ത 25 വര്‍ഷത്തിനകം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യങ്ങളില്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും കൃത്യമായ ഒരു പ്ലാന്‍ തയ്യാറാക്കണം. തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി ജോലി ചെയ്യുന്നവരെ ചേര്‍ത്ത് കൊണ്ട് നാട്ടില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും പക്ഷെ അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി തയ്യാറാകണം. കൂടാതെ കൊച്ചിയില്‍ നടന്ന " ഫോക്കസ് കേരള " എന്ന നിക്ഷേപ സമാഹരണ യോഗത്തിന്‍റെ സംഘാടകരോട് അത്തരം വ്യവസായ പദ്ധതികള്‍ ഇനിയും ലഭ്യമാണോ എന്നു ഭരണസമിതി അനേഷിക്കണം. ജനങ്ങള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അത്തരം പദ്ധതികള്‍ ഇവിടെ കൊണ്ട് വരാന്‍ ഉള്ള നടപടികള്‍ എടുക്കണം.

മേല്‍പ്പറഞ്ഞ ജനകീയ ആവശ്യങ്ങളായ കാര്‍ഷിക വികസനം, കുടിവെള്ളം, റോഡ്‌, തെരുവ് വിളക്ക്, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുവാന്‍ ശക്തമായ നടപടികള്‍ എടുക്കുവാന്‍ എടതിരിഞ്ഞി ഡോട്ട് കോം പുതിയ ഭരണ സമിതിയോട് ആവശ്യപ്പെടുന്നു.
 
എടതിരിഞ്ഞി ഡോട്ട് കോം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനം സമര്‍പ്പിച്ചു.
[27 December 2010 - 06:50 PM]
പടിയൂര്‍ പഞ്ചായത്തിലെ ജനകീയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി 4 പേജ് വരുന്ന ഒരു നിവേദനം ഡിസംബര്‍ 26 നു രാവിലെ ബഹുമാനപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ അജിത പീതാംബരന് എടതിരിഞ്ഞി ഡോട്ട് കോം പ്രതിനിധി കൈമാറി. എടതിരിഞ്ഞി ഡോട്ട് കോം സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് തയ്യാറാക്കിയ നിവേദനത്തില്‍ കാര്‍ഷിക മേഖലയുടെ വികസനം, അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, റോഡ്‌, തെരുവ് വിളക്കുകള്‍, നാട്ടില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കാനായി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിവേദനത്തിലെ വിഷയങ്ങള്‍ വിശദമായി പഠിച്ചു വേണ്ട നടപടികള്‍ എടുക്കാം എന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉറപ്പു നല്‍കി. നിവേദനത്തിന്‍റെ പൂര്‍ണ്ണരൂപം അടുത്ത ദിവസം എടതിരിഞ്ഞി ഡോട്ട് കോമില്‍ പബ്ലിഷ് ചെയ്യും.
 
ശ്രീ. കെ. കരുണാകരന്‍റ നിര്യാണത്തില്‍ അനുശോചനം
[26 December 2010 - 07:30 PM]
ദുബായ് : ഷാര്‍ജയില്‍ വച്ചു നടന്ന EWA - UAE യുടെ ആറാമത് എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍, മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായിരുന്ന കെ. കരുണാകരന്‍റ ( 92 ) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പടിയൂര്‍ പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ പലതും  ഇപ്പോഴും  ഇരുട്ടില്‍ തന്നെ.
[22 December 2010 - 03:40 PM]
വര്‍ഷങ്ങളായി പടിയൂര്‍ പഞ്ചായത്തിലെ പല റോഡുകളിലും  രാത്രിയില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ് കാരണം തെരുവ് വിളക്കിന്റെ അപര്യാപ്തത തന്നെ. ഉദാഹരണത്തിന് പടിയൂര്‍ പഞ്ചായത്തിലെ 4 , 5 വാര്‍ഡുകളില്‍ പെടുന്ന പാപ്പാത്തുമുറി റോഡിന്‍റെ കാര്യം എടുക്കാം. രാത്രിയില്‍ ഈ റോഡില്‍ കൂടി യാത്ര ചെയ്യുവാന്‍ വളരെ ബുദ്ധിമുട്ടാണ് ഒരു തെരുവ് വിളക്ക് പോലും ഈ റോഡില്‍ ഇല്ല. കഴിഞ്ഞ 30 വര്‍ഷമായി ജനങ്ങള്‍ വോട്ടു ചോദിക്കാന്‍ വരുന്ന എല്ലാ രാഷ്ട്രീയക്കാരോടും അടിസ്ഥാനപരമായ ഈ ആവശ്യം ഉന്നയിച്ചിട്ടും മാറി മാറി വന്ന ഒരു ഭരണ സമിതിയും ഇക്കാര്യത്തില്‍ ഒരു നടപടിയും എടുത്തിട്ടില്ല. ഈ പ്രദേശത്തെ ജനങ്ങള്‍ നിരവധി തവണ നിവേദനങ്ങള്‍ കൊടുത്തെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ല. ശ്രീ. പി. മണി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്‌ ആയ സമയത്ത് ഈ റോഡിന്‍റെ കുറച്ചു ഭാഗത്തേക്ക് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായി വൈദ്യുത ലൈന്‍ വലിച്ചെങ്കിലും പിന്നീട് അനന്തര നടപടികള്‍ ഒന്നും  ഉണ്ടായില്ല.
 
പടിയൂര്‍ പഞ്ചായത്ത് ഗ്രാമീണ മേഖലയിലെ അടിസ്ഥാന ആവശ്യങ്ങള്‍ ആയ റോഡ്‌, കുടിവെള്ളം, തെരുവ് വിളക്ക് എന്നീ ജനകീയ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ ചില വാര്‍ഡുകളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ ആയി പരാജയം ആയിരുന്നു. പാപ്പാത്തുമുറി റോഡില്‍ എത്രയും പെട്ടെന്ന് തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ പടിയൂര്‍ പഞ്ചായത്ത് നടപടികള്‍ എടുക്കണം. അതോടൊപ്പം തന്നെ പടിയൂര്‍ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുവാനും ഗ്രാമീണ റോഡുകളില്‍  തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനും പുതിയ പഞ്ചായത്ത് ഭരണ സമിതി നടപടികള്‍ കൈകൊള്ളണം.
 
പടിയൂര്‍ പഞ്ചായത്തില്‍ ഗ്രാമസഭകള്‍ പ്രവര്‍ത്തനം തുടങ്ങി
[20 December 2010 - 03:40 AM]
പടിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണസമിതി യുടെ കീഴില്‍ പ്രഥമ ഗ്രാമസഭകള്‍ 18 ഡിസംബര്‍ 2010 മുതല്‍ ആരംഭിച്ചു. വാര്‍ഡ്‌ 5  ലെ ഗ്രാമസഭ 26 ഡിസംബര്‍ നു HDP സമാജം സ്കൂളില്‍ വച്ച് രാവിലെ 10 മണിക്ക് ചേരുന്നു. പ്രധാന അജണ്ട - 2011 - 12 വാര്‍ഷിക പദ്ധതി, ദേശീയ തൊഴിലുറപ്പ് പദ്ധതി 2011 - 12 , ലേബര്‍ ബഡ്ജെറ്റ്, ആക്ഷന്‍ പ്ലാന്‍, വിജിലന്‍സ് ആന്‍ഡ്‌ മോണിറ്റരിംഗ് കമ്മറ്റി രൂപീകരണം, സോഷ്യല്‍ ഓഡിറ്റ് ടീം രൂപീകരണം എന്നിവയാണ്.
 
പടിയൂര്‍ പഞ്ചായത്തിലെ പ്രഥമ ജോബ്‌ വെബ്സൈറ്റ്  -   http://jobs.edathirinji.com
[15 December 2010 - 09:10 AM]
 
ഇന്ത്യയിലും വിദേശത്തും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക്  വേണ്ടി ഒരു വെബ്സൈറ്റ് എടതിരിഞ്ഞി ഡോട്ട് കോം തയ്യാറാക്കിയിരിക്കുന്നു - http://jobs.edathirinji.com  ഈ  വെബ്സൈറ്റ്  പടിയൂര്‍ പഞ്ചായത്തിലെ  ജോലി   അന്വേഷിക്കുന്ന  പുതിയ  തലമുറയിലെ യുവതീ യുവാക്കള്‍ക്കായി ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
 
News Impact :
[14 December 2010 - 09:35 PM]
 
ഡിസംബര്‍ 12 ഞായറാഴ്ച ആയിട്ട് കൂടി പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് ശരിയാക്കാന്‍ പഞ്ചായത്ത് പെട്ടെന്നു തന്നെ  നടപടി എടുത്തു  എന്നത് ‍ തികച്ചും അഭിനന്ദനീയമാണ്. പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന്  പടിയൂര്‍ പഞ്ചായത്ത് ഭരണ സമിതി അടിയന്തിരമായി ഇടപെടണം.
 
 
വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍ - അധികാരികള്‍ അവഗണന തുടരുന്നു.
[11 December 2010 - 01:15 PM]
 
പടിയൂര്‍ പഞ്ചായത്തിലെ എടതിരിഞ്ഞി സെന്‍ററിനു സമീപം ഉള്ള വാട്ടര്‍ ടാങ്ക് അപകടാവസ്ഥയില്‍. തൂണുകള്‍ പലതും പൊട്ടി പൊളിഞ്ഞ അവസ്ഥയിലുമാണ്. പഞ്ചായത്തിന്റെ പല പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ ആണ്. "ജലം അമൂല്യമാണ്‌ ഒരു തുള്ളി പോലും പാഴാക്കരുത്" എന്നു തുടങ്ങിയ വാക്കുകള്‍ പല ഭരണാധികാരികളും പലപ്പോഴും പ്രസംഗങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പറയാറുണ്ട്‌. ഈ വാട്ടര്‍ ടാങ്കിന്റെ താഴെ തന്നെ പൈപ്പ് പൊട്ടിയത് മൂലം വെള്ളം വെറുതെ ഒഴുകി പോകുന്നത് കാണാന്‍ സാധിക്കും. ബന്ധപ്പെട്ട അധികാരികളും ഭരണ സമിതിയും ഈ പ്രശ്നം കണ്ടില്ലെന്നു നടിക്കുന്നതില്‍ ജനങ്ങള്‍ക്ക്‌ രൂക്ഷമായ പ്രതിഷേധം ഉണ്ട്. പടിയൂര്‍ പഞ്ചായത്തിന്റെ പല പ്രദേശത്തും ഇന്നു കുടിവെള്ളം എത്തുന്നില്ല. വളരെ അപൂര്‍വമായേ വെള്ളം പൈപ്പിലൂടെ എത്തുന്നുള്ളൂ. പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കുടിവെള്ളം വെറുതെ പാഴാക്കി കളയുന്നത് തടയുവാനും ബന്ധപ്പെട്ട അധികാരികള്‍ നടപടികള്‍ കൈക്കൊള്ളണം. വാട്ടര്‍ ടാങ്കും വെള്ളം പോകുന്ന അവസ്ഥയും കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
[ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത് : ശ്രീ. ശിവരാമന്‍ കൊല്ലം പറമ്പില്‍, എടതിരിഞ്ഞി ] 
 
 
പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണസമിതി മുമ്പാകെ എടതിരിഞ്ഞിയിലെ പ്രഥമ ഇന്റര്‍നെറ്റ്‌ വാര്‍ത്താ വെബ്‌സൈറ്റായ എടതിരിഞ്ഞി ഡോട്ട് കോം ഞങ്ങളുടെ സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ നിവേദനം.
 
[ 1 ] കാര്‍ഷിക വികസന മേഖല : - കേരളത്തിലെ മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ചു കാര്‍ഷിക വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നമ്മുടെ പഞ്ചായത്ത് വളരെ പിറകിലാണ്. അന്താരാഷ്‌ട്ര വിപണിയിലെ എണ്ണ വില വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇന്ത്യയില്‍ പെട്രോളിന്‍റെ വില ഇനിയും ഉയരാം കാരണം വിലനിയന്ത്രണം എടുത്തു കളഞ്ഞു എന്നത് തന്നെ. അത്തരം സാഹചര്യത്തില്‍ ഗതാഗത ചെലവുകള്‍ വര്‍ധിക്കുമ്പോള്‍ പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില അടുത്ത ഒരു വര്‍ഷത്തിനകം ഇരട്ടിയാകാനാണ് സാധ്യത. അന്യ സംസ്ഥാനങ്ങളില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിച്ച് വിഷാംശങ്ങള്‍ കലര്‍ന്ന പച്ചക്കറികള്‍ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം പഞ്ചായത്തിനു ആവശ്യമായ പച്ചക്കറികള്‍ ഇവിടെ തന്നെ നട്ടു വളര്‍ത്താന്‍ പച്ചക്കറി കൃഷി വ്യാപിപ്പിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.  ഇന്നു പലര്‍ക്കും താല്പര്യം ഉണ്ടെങ്കിലും അതിനാവശ്യമായ നല്ലയിനം വിത്തുകള്‍, ജൈവ വളങ്ങള്‍, കൃഷി രീതികള്‍ എന്നിവയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ലഭ്യമാകേണ്ടിയിരിക്കുന്നു.
 
കേരളത്തിലെ പല പഞ്ചായത്തുകളും അവിടത്തെ കാലാവസ്ഥക്കും ഭൂപ്രകൃതിക്കും അനുസരിച്ച് പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും പ്രാദേശികമായി ഉത്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പല പഞ്ചായത്തുകളും ഇക്കാര്യത്തില്‍ വളരെയധികം മുന്നോട്ട് പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട് സാക്ഷരതാ പദ്ധതി നടപ്പാക്കിയ അതേ രീതിയില്‍ നമ്മുടെ നാട്ടില്‍ ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഉത്പാദിപ്പിക്കുന്നതിന് പ്രത്യേകമായ സ്വാശ്രയ ഗ്രാമ പ്രവര്‍ത്തന പദ്ധതികള്‍ ദീര്‍ഘകാല വീക്ഷണത്തോട് കൂടി നടപ്പാക്കാന്‍ പുതിയ ഭരണ സമിതിയെങ്കിലും നടപടിയെടുക്കുക. ഇത്തരം പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ മറ്റു പഞ്ചായത്തുകളെ മാതൃകയാക്കി അവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി പഠിച്ചു ഇവിടേയും നടപ്പാക്കുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രവര്‍ത്തിക്കുന്നവരെ കൂടി ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കൂടാതെ കാര്‍ഷിക വികസന മേഖലയില്‍ അടുത്ത 20 വര്‍ഷത്തിനകം എങ്ങനെയായിരിക്കണം എന്നു കൃത്യമായ പ്ലാന്‍ ഉണ്ടാക്കി അതിനെ വിലയിരുത്തി വേണം ദീര്‍ഘകാലപദ്ധതികള്‍  ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍.
 

[ 2 ] അടിസ്ഥാന ആവശ്യങ്ങള്‍ - കുടിവെള്ളം, റോഡ്‌, തെരുവ് വിളക്കുകള്‍ :- 
മേല്‍പ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കുന്നതില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്തിനു പരിപൂര്‍ണ്ണ വിജയം അവകാശപ്പെടാനാകില്ല. കാരണം പടിയൂര്‍ പഞ്ചായത്തിന്റെ പല പ്രദേശങ്ങളും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ ആണ്. പേരിനു പൈപ്പ് ലൈനുകള്‍ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുന്ടെങ്കിലും കുടിവെള്ളം ലഭ്യമാകുന്നത് വളരെ അപൂര്‍വ്വമായാണ്‌. ഇതിന്‍റെ കാരണങ്ങള്‍ കണ്ടെത്തി സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ അടിയതിരമായി ചെയ്യണം.

മഴക്കാലത്ത് തോടുകളായി മാറുന്ന പല റോഡുകളും ഈ ഗ്രാമ പഞ്ചായത്തില്‍ ഉണ്ട്. അത്തരം റോഡുകള്‍ ജനങ്ങള്‍ക്ക്‌ നടന്നു പോകാവുന്ന രീതിയിലെങ്കിലും ഉള്ള റോഡുകളാക്കി മാറ്റാന്‍ ഇന്നു കേരളത്തില്‍ ഏതൊക്കെ ഫണ്ടുകള്‍ ലഭ്യമാണോ അതൊക്കെ ഉപയോഗിച്ച് കൊണ്ട് ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിനു അടിയന്തിര നടപടികള്‍ എടുക്കുക.

അതുപോലെ തന്നെയാണ് തെരുവ് വിളക്കിന്‍റെ കാര്യവും പഞ്ചായത്തിലെ പല റോഡിലും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. 30 വര്‍ഷത്തിലേറെയായി ജനങ്ങള്‍ ബന്ധപ്പെട്ട പല അധികാരികള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. സാധാരണ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, റോഡ്‌, തെരുവ് വിളക്ക് എന്നീ വിഷയങ്ങള്‍ക്ക്‌ പുതിയ പഞ്ചായത്ത് ഭരണ സമിതി ശക്തമായ നടപടികള്‍ കൈകൊള്ളണം.

[ 3 ] നാട്ടില്‍ കുറച്ചു പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കണം :- കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലഘട്ടത്തില്‍ എടതിരിഞ്ഞി ഡോട്ട് കോം പ്രതിനിധി പടിയൂര്‍ പഞ്ചായത്തില്‍ വിദേശ മലയാളികളുടെ സഹായ സഹകരണത്തോടുകൂടി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ച് എല്ലാ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്ത ഒരു യോഗത്തില്‍ സംസാരിച്ചിരുന്നു. മാത്രമല്ല കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ വച്ച് നടന്ന " ഫോക്കസ് കേരള" എന്ന നിക്ഷേപ സമാഹരണ യോഗത്തിന്‍റെ ഫലമായി ആ യോഗത്തില്‍ പങ്കെടുത്ത പല പഞ്ചായത്ത് പ്രസിഡന്റ്‌മാരും കോടികള്‍ വരുന്ന പദ്ധതികള്‍ അവരുടെ പഞ്ചായത്തുകള്‍ക്ക് നേടിയെടുത്തു. മാളക്കടുത്ത് കുഴൂരില്‍ 10 കോടി രൂപ ചെലവിട്ടു ബാഗ് നിര്‍മ്മാണ യൂണിറ്റ്, കൂടാതെ 600 കോടി രൂപ ചെലവില്‍ ഫുഡ്‌ പ്രോസിസ്സിംഗ് പാര്‍ക്ക്‌ വരുന്നു. ഇതെല്ലാം ആ യോഗത്തില്‍ പങ്കെടുത്തത് കൊണ്ട് മാത്രം അവര്‍ക്ക് ലഭിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നമ്മുടെ പഞ്ചായത്തില്‍ നിന്ന് ആരും പങ്കെടുക്കാത്തത് കൊണ്ടാകാം അല്ലെങ്കില്‍ കര്‍ത്തവ്യ നിര്‍വഹണത്തിലെ പാളിച്ചയായിരിക്കാം ഒരു പദ്ധതിയും പടിയൂരിനു ലഭിച്ചില്ല.

ഏതെങ്കിലും ഒരു വ്യവസായ സംരംഭം നാട്ടില്‍ ഉണ്ടായാല്‍ മാത്രമേ അനുബന്ധമായി ഒട്ടേറെ സംരംഭങ്ങള്‍ ഇവിടെ വരികയുള്ളൂ. അതിനാല്‍ പടിയൂര്‍ പഞ്ചായത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനെ കുറിച്ചും അടുത്ത 25 വര്‍ഷത്തിനകം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് വികസന കാര്യങ്ങളില്‍ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും കൃത്യമായ ഒരു പ്ലാന്‍ തയ്യാറാക്കണം. തീര്‍ച്ചയായും നമ്മുടെ നാട്ടില്‍ നിന്ന് വിദേശത്ത് പോയി ജോലി ചെയ്യുന്നവരെ ചേര്‍ത്ത് കൊണ്ട് നാട്ടില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും പക്ഷെ അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി തയ്യാറാകണം. കൂടാതെ കൊച്ചിയില്‍ നടന്ന " ഫോക്കസ് കേരള " എന്ന നിക്ഷേപ സമാഹരണ യോഗത്തിന്‍റെ സംഘാടകരോട് അത്തരം വ്യവസായ പദ്ധതികള്‍ ഇനിയും ലഭ്യമാണോ എന്നു ഭരണസമിതി അനേഷിക്കണം. ജനങ്ങള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന അത്തരം പദ്ധതികള്‍ ഇവിടെ കൊണ്ട് വരാന്‍ ഉള്ള നടപടികള്‍ എടുക്കണം.

മേല്‍പ്പറഞ്ഞ ജനകീയ ആവശ്യങ്ങളായ കാര്‍ഷിക വികസനം, കുടിവെള്ളം, റോഡ്‌, തെരുവ് വിളക്ക്, വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നടപ്പാക്കുവാന്‍ ശക്തമായ നടപടികള്‍ എടുക്കുവാന്‍ എടതിരിഞ്ഞി ഡോട്ട് കോം പുതിയ ഭരണ സമിതിയോട് ആവശ്യപ്പെടുന്നു.
 
 

നാടിന്‍റെ അഭിമാനമായ ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് നവംബര്‍ 25 നു വന്‍ സ്വീകരണം
[21 November 2010 - 07:05 PM]

അവാര്‍ഡുകളെല്ലാം ഒരു വ്യക്തിയിലേക്ക് ഒരേ സമയം ഒഴുകിയെത്തുന്നത് അപൂര്‍വമായ സംഭവമാണ്. ഒരു ബഹുമുഖ പ്രതിഭയ്ക്ക് മാത്രമേ അത് ലഭിക്കുകയുള്ളൂ. അധ്യാപന രംഗത്തും കലാ സാഹിത്യ രംഗങ്ങളിലും തനതായ മികവു പുലര്‍ത്തുവാന്‍ ശ്രീദേവി ടീച്ചര്‍ക്ക് കഴിഞ്ഞു. അതോടൊപ്പം മികച്ച സംഘാടന ശേഷിയും ഹൃദ്യമായ പെരുമാറ്റവും ടീച്ചറെ ഇത്തരം അംഗീകാരങ്ങള്‍ക്ക് അര്‍ഹയാക്കിയ ഘടകങ്ങളാണ്. ഏറ്റവും നല്ല വിദ്യാരംഗം കല സാഹിത്യ വേദി കണ്‍വീനര്‍, തൃശൂര്‍ ജില്ലാ പി. ടി. എ. അധ്യാപക അവാര്‍ഡ്, സംസ്ഥാന അധ്യാപക അവാര്‍ഡ് ഇപ്പോള്‍ ദേശീയ അവാര്‍ഡും ടീച്ചര്‍ക്കുതന്നെ ലഭിച്ചു. അതും കാല വിളംബമില്ലാതെയും തുടര്‍ച്ചയായുമാണ് ടീച്ചറെ തേടിയെത്തിയത്.

ഈ അവാര്‍ഡുകള്‍ നേടുക വഴി ശ്രീദേവി ടീച്ചര്‍ നമ്മുടെ സ്കൂളിനെയും നമ്മുടെ പ്രദേശത്തേയും ദേശീയതലതലത്തോളം ഉയര്‍ത്തിയിരിക്കുന്നു. ഈ അത്യുന്നത ബഹുമതികളുടെ ഉടമയായ ടീച്ചറോട് നമ്മുടെ സ്കൂളിനും പ്രദേശത്തിനും ഉള്ള നന്ദിയും കടപ്പാടും പ്രകടമാക്കുന്നതിനു ടീച്ചര്‍ക്ക് ഹൃദ്യമായ ഒരു സ്വീകരണം ഒരുക്കുകയാണ്. 2010 നവംബര്‍ 25 വ്യാഴാഴ്ച 3 മണിക്ക് എച്. ഡി. പി. സമാജം ശ്രീനാരായണ ഹാളില്‍ ബഹു: അഡ്വക്കേറ്റ്. തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ബഹു: നിയമസഭാ സ്പീക്കര്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ ഉത്ഘാടനം ചെയ്യുന്നു. ബഹു: തൃശൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്‌. ശ്രീ. കെ. വി. ദാസന്‍ ഉപഹാര സമര്‍പ്പണം നടത്തുന്നു.

ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്‌, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും സംഘാടക സമിതി ചെയര്‍മാന്‍ കെ. കെ. ഭരതന്‍, കണ്‍വീനര്‍ എം. ഡി. സുരേഷ് എന്നിവരുമാണ്. ശ്രീദേവി ടീച്ചറെ ആനയിച്ചുകൊണ്ടുള്ളഘോഷയാത്ര 2 P M നു പടിയൂര്‍ പഞ്ചായത്ത് പരിസരത്തുനിന്ന് ആരംഭിക്കുന്നു.

ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് സ്വീകരണം
[17 November 2010 - 11:00 AM]

ദേശീയ അധ്യാപക അവാര്‍ഡ് നേടിയ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ അധ്യാപിക ശ്രീമതി. പി. ശ്രീദേവി ടീച്ചര്‍ക്ക് അര്‍ഹിക്കുന്ന രീതിയിലുള്ള സ്വീകരണം നല്‍കുന്നതിനു സ്റ്റാഫ്‌, പി. ടി. എ, മാനേജ്‌മന്റ്‌, വിദ്യാര്‍ത്ഥി - പൂര്‍വവിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റി രൂപവല്‍ക്കരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ നാടിന്‍റെ പ്രശസ്തി അത്യുന്നതങ്ങളിലെത്തിച്ച ടീച്ചര്‍ക്ക് സ്വീകരണം നല്‍കുന്നതിനുള്ള കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ സി. യു. മേഴ്സി ( ഹെഡ്മിസ്‌ട്രസ്, എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ ) ചെയര്‍പേഴ്സണ്‍ അജിത പീതാംബരന്‍ ( പ്രസിഡണ്ട്‌, പടിയൂര്‍ ഗ്രാമ പഞ്ചായത്ത്) എന്നിവരും രക്ഷാധികാരികളായി പി സി ചാക്കോ (എം പി ), തോമസ്‌ ഉണ്ണിയാടന്‍ (എം എല്‍ എ ), അനിത രാധാകൃഷ്ണന്‍ (ജില്ല പഞ്ചായത്ത് മെമ്പര്‍), ആലീസ് തോമാസ് (ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌), വി വി രാജന്‍ മാസ്റ്റര്‍ (മാനേജര്‍, എച്ച് ഡി പി സമാജം ) എന്നിവരുമാണ്.

പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതി
[08 November 2010 - 04:30 PM]
പ്രസിഡന്റ് : അജിത പീതാംബരന്‍
വൈസ് പ്രസിഡന്റ് : കെ സി ബിജു

എല്ലാ ഭരണ സമിതി അംഗങ്ങളുടെ പേരും അവര്‍ക്ക് കിട്ടിയ വോട്ടും, അതിന്‍റെ ശതമാനവും വിശദമായി കൊടുത്തിട്ടുണ്ട്‌ ഇവിടെ ക്ലിക്ക് ചെയ്യുക.

ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു.
[08 November 2010 - 04:20 PM]

ബൈക്കും എതിരെ വന്ന ആംബുലന്‍സും കൂട്ടിമുട്ടി രണ്ട്‌ പേര്‍ മരിച്ചു. എടതിരിഞ്ഞി കോറാത്ത് അമ്പലത്തിനടുത്തു താമസിക്കുന്ന നെല്ലകത്ത്‌ ശശിധരന്‍ മകന്‍ സജീഷ്‌(24), ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷന്‍ സമീപം താമസിക്കുന്ന പാക്കിനികുളത്തില്‍ സീതിയുടെ മകന്‍ മുഹമ്മദ്‌ ഷാഫിന്‍(25) എന്നിവരാണ്‌ മരിച്ചത്‌. കാളമുറിയില്‍ വെച്ചായിരുന്നു അപകടം. ടെമ്പോ ട്രാവല്ലറിനെ മറി കടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ആംബുലന്‍സില്‍ ബൈക്ക്‌ ഇടിക്കുകയും, ഇടിയുടെ ആഘാതത്തില്‍ രണ്ട്‌ പേരും ഓടുന്ന ടെമ്പോ ട്രാവല്ലറിന്റെ അടിയില്‍ വീഴുകയുമായിരുന്നു. രണ്ട്‌ പേരും അപകട സ്ഥലത്ത്‌ വെച്ച്‌ തന്നെ മരിച്ചു. ഞായറാഴ്ച രാത്രി ഏഴരക്കാണ് അപകടം നടന്നത്. രണ്ടു പേരും ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകര്‍ ആണ്. എടമുട്ടത്തുള്ള സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങുകയായിരുന്നു ഇരുവരും

 
ഓണക്കളി മത്സരം
[29 Aug 2010 - 7:00 PM]
എടതിരിഞ്ഞി ദിവ്യ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്‍റെ ആഭിമുഖ്യ ത്തില്‍ എച്ച് ഡി പി സമാജം അംഗണത്തില്‍ ഞായറാഴ്ച 2 മണി മുതല്‍ ഓണക്കളി മത്സരം നടന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി നിര്‍ണ്ണയം ചര്‍ച്ചകള്‍ ‍ തുടങ്ങി.
[28 Aug 2010 - 11:30 AM]
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിനുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ കക്ഷികളില്‍ ആരംഭിച്ചു. ഭരിക്കുന്ന കക്ഷികള്‍ ഭരണനേട്ടങ്ങളും പ്രതിപക്ഷം ഭരണകോട്ടങ്ങളും പോരായ്മകളും എടുത്തു പറഞ്ഞുള്ള പ്രചരണങ്ങള്‍ അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. പടിയൂര്‍ പഞ്ചായത്തില്‍ ഇത്തവണ പ്രസിഡണ്ട്‌ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച വാര്‍ത്തകള്‍ അടുത്ത ദിവസങ്ങളില്‍ എടതിരിഞ്ഞി ഡോട്ട് കോം റിപ്പോര്‍ട്ട്‌ ചെയ്യും.
 
ഇന്റര്‍നെറ്റ്‌ - ഇനി ജിമെയില്‍ വഴി ഫോണും വിളിക്കാം!!!
[26 Aug 2010 - 09:30 PM]

ആശയവിനിമയത്തിന്റെ പുത്തന്‍ വാതായനങ്ങള്‍ തുറക്കാന്‍ ഗൂഗിള്‍ വരുന്നു. ജിമെയില്‍ വഴി ഫോണ്‍ വിളിക്കാനുള്ള സൗകര്യമാണ്‌ ഗൂഗിള്‍ ഒരുക്കുന്നത്‌. പുതുക്കിയ ജിമെയില്‍ പതിപ്പില്‍ സെല്‍ഫോണിലേക്കും ലാന്‍ഡ്‌ലൈനിലേക്കും വിളിക്കാന്‍ കഴിയുന്ന സാങ്കേതിക സേവനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വെബ്‌ കോളിങ്‌ സേവനങ്ങള്‍ നല്‍കുന്ന സ്‌കൈപ്‌, എടി ആന്‍ഡ്‌ ടി, വെരിസന്‍ കമ്മ്യൂണിക്കേഷന്‍സ്‌ എന്നിവയുമായി മത്സരിക്കുന്നതിനാണ്‌ ഗൂഗിളും രംഗത്തുവന്നിരിക്കുന്നത്‌.

ജിമെയിലില്‍നിന്ന്‌ മൊബൈല്‍ ഫോണിലേക്ക്‌ വിളിക്കാനാവുന്ന സേവനം നിലവില്‍ അമേരിക്കയിലും കാനഡയിലും മാത്രമാണ്‌ നിലവിലുള്ളത്‌. മറ്റു രാജ്യങ്ങളില്‍ ഉടന്‍ തന്നെ ഈ സൗകര്യം ലഭ്യമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്‌. അതേസമയം, വിവിധ രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ ജിമെയില്‍ കാളിംഗിനും ഭീഷണിയായേക്കുമെന്നാണ്‌ കരുതുന്നത്‌.

ഗൂഗിളില്‍ നിലവില്‍ കമ്പ്യൂട്ടര്‍ ടു കമ്പ്യൂട്ടര്‍ വോയിസ്‌, വീഡിയോ ചാറ്റ്‌ സേവനം ലഭ്യമാണ്‌. പുതിയ കോളിങ്‌ സേവനം ബുധനാഴ്‌ച മുതല്‍ പ്രവര്‍ത്തനം തുടങ്ങി. അമേരിക്കയിലും കാനഡയിലും സേവനം സൗജന്യമായി നല്‍കുമ്പോള്‍ ബ്രിട്ടണ്‍, ഫ്രാന്‍സ്‌, ജര്‍മനി, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍ നേരിയ നിരക്ക്‌ ഈടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നത്‌.

ഒരു വര്‍ഷം മുമ്പ് വന്ന വാര്‍ത്ത - ആരംഭിക്കാന്‍ സാധിക്കുന്ന വ്യവസായങ്ങളുമായി പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ സജീവമായി രംഗത്ത്‌
[21 Aug 2010 - 09:20 PM]

തൃശൂര്‍ ജില്ലയിലെ മാളയ്‌ക്കടുത്ത്‌ കുഴൂരില്‍ പത്തുകോടി രൂപ ചെലവില്‍ ബാഗ്‌ നിര്‍മാണ യൂണിറ്റ്‌ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കൊച്ചി ആസ്ഥാനമായുള്ള ഔട്ട്‌ലുക്ക്‌ ഗ്രൂപ്പ്‌. കുഴൂരില്‍ തന്നെ 600 കോടി രൂപ ചെലവില്‍ 250 ഏക്കറില്‍ ഫോര്‍ട്ട്‌നോക്‌സ്‌ വെഞ്ച്വേഴ്‌സിന്റെ ഫുഡ്‌ പ്രോസസിംഗ്‌ പാര്‍ക്കും വരുന്നു! ഇത്‌ വികസന കേരളത്തിന്റെ മാറുന്ന മുഖം. വികസനപദ്ധതികള്‍ നഗരകേന്ദ്രീകൃതമെന്ന ധാരണ തിരുത്തി ഗ്രാമങ്ങളിലെ വ്യവസായ വിപ്ലവത്തിന്‌ തിരികൊളുത്തിയ കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി കൊച്ചിയില്‍ സംഘടിപ്പിച്ച ഫോക്കസ്‌ കേരള ലോക നിക്ഷേപക സംഗമത്തിലാണ്‌ ഈ പദ്ധതികളുടെ ധാരണാപത്രം ഒപ്പിട്ടത്‌.

കേരളത്തിന്റെ മാറുന്ന മുഖമാണ്‌ രണ്ട്‌ ദിവസം നീണ്ട ഫോക്കസ്‌ കേരളയില്‍ അനാവരണം ചെയ്യപ്പെട്ടത്‌. വികസന വിരോധികളെന്നും ചുവപ്പുനാടയുടെ സൃഷ്‌ടാക്കളെന്നും ചിലരാന്‍ മുദ്ര കുത്തപ്പെട്ടിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ അടക്കമുള്ള ഭരണകര്‍ത്താക്കള്‍ സ്വന്തം പഞ്ചായത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി, ലഭ്യമായ വിഭവസമ്പത്തുകള്‍ വിവരിച്ച്‌ നിക്ഷേപം ആകര്‍ഷിക്കാന്‍ മല്‍സരിക്കുകയായിരുന്നു. നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക്‌ എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌ത്‌ സര്‍ക്കാര്‍ സംവിധാനങ്ങളും ഫെഡറല്‍ ബാങ്ക്‌, കെ.എഫ്‌.സി, കെ.എസ്‌.ഐ.ഡി.സി തുടങ്ങി ധനകാര്യ സ്ഥാപനങ്ങളും ഒരു വേദിയില്‍ അണിനിരന്നപ്പോള്‍ നിക്ഷേപകരില്‍ ദര്‍ശിക്കാനായത്‌ പുത്തന്‍ ഊര്‍ജ്ജമായിരുന്നു.

``ഇപ്പോഴും പുതിയ നിക്ഷേപ നിര്‍ദേശങ്ങളുമായി നിക്ഷേപകര്‍ ചേംബറിനെ സമീപിച്ചുകൊണ്ടിരിക്കുകയാണ്‌. ഫോക്കസ്‌ കേരളയില്‍ സംബന്ധിക്കാന്‍ സാധിക്കാതിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ ചേംബറുമായി ബന്ധപ്പെട്ട്‌ തങ്ങള്‍ക്കനുയോജ്യമായ പദ്ധതികളുടെ നിര്‍ദേശങ്ങള്‍ നല്‍കുകയും നിക്ഷേപകരെ തിരയുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു,'' ഫോക്കസ്‌ കേരളയുടെ വിജയം സമ്മാനിച്ച സന്തോഷത്താല്‍ ചേംബര്‍ ചെയര്‍മാന്‍ കെ.എം അബ്‌ദുള്ള പറയുന്നു.

ധാരണാപത്രം ഒപ്പുവെച്ച്‌ പിരിയുന്ന വെറുമൊരു നിക്ഷേപകസംഗമമായി ഫോക്കസ്‌ കേരളയും മാറാതിരിക്കാന്‍ എല്ലാ നടപടികളും ചേംബര്‍ സ്വീകരിച്ചിട്ടുണ്ടെന്ന്‌ അബ്‌ദുള്ള വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഇന്‍വെസ്റ്റര്‍ സെല്‍ ചേംബറില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഫോക്കസ്‌ കേരളയില്‍ ധാരണാപത്രം ഒപ്പിട്ട പദ്ധതികളും ചര്‍ച്ചയുടെ വിവിധ ഘട്ടത്തിലിരിക്കുന്ന പദ്ധതികളും സമയബന്ധിതമായി നടപ്പാക്കുന്നതിനുവേണ്ടിയാണ്‌ ഇന്‍വെസ്റ്റര്‍ സെല്‍ രൂപീകരിക്കുന്നത്‌. ഫോക്കസ്‌ കേരളയില്‍ അവതരിപ്പിക്കാത്ത ഏതു പദ്ധതികളുടെയും സാക്ഷാത്‌കാരത്തിനും നിക്ഷേപകര്‍ക്ക്‌ ഈ സെല്ലിന്റെ സഹായം തേടാം. കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ഈ സെല്ലിനെ സമീപിക്കാം. വ്യാവസായികാവശ്യത്തിനുള്ള ഭൂമിക്ക്‌ ദൗര്‍ലഭ്യം നേരിടുന്ന കേരളത്തിലെ ഓരോ പഞ്ചായത്തിലുമുള്ള വ്യാവസായികാവശ്യത്തിനുള്ള ഭൂമിയുടെ വിവരങ്ങളടക്കം പദ്ധതിക്കു വേണ്ട എല്ലാ അനുമതികളും ഇന്‍വെസ്റ്റര്‍ സെല്‍ മുന്‍കൈയെടുത്ത്‌ ലഭ്യമാക്കും. ``പദ്ധതി നിര്‍ദേശങ്ങള്‍ ചുവപ്പുനാടയില്‍ കുരുങ്ങി ചരമമടയുന്ന നാടാണ്‌ കേരളമെന്ന ചീത്തപ്പേര്‌ മാറ്റിയെടുക്കാനും ഒപ്പം കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിച്ചുവരുന്നവനെ ഓരോ വാതിലും കയറ്റിയിറക്കി കഷ്‌ടപ്പെടുത്തി ഓടിക്കാതിരിക്കാനും വേണ്ട എല്ലാ നടപടികളും ചേംബറിന്റെ ഭാഗത്തു നിന്നുണ്ടാകും,'' അബ്‌ദുള്ള വിശദീകരിക്കുന്നു. ഓരോ പഞ്ചായത്തിലെയും ഭൂമി ലഭ്യതയും അവിടെ ആരംഭിക്കാന്‍ സാധിക്കുന്ന വ്യവസായങ്ങളുമായി പഞ്ചായത്ത്‌ പ്രസിഡന്റുമാര്‍ സജീവമായി രംഗത്ത്‌ - മരട്‌ ഗ്രാമപഞ്ചായത്തില്‍ മാത്രം വിഭാവനം ചെയ്യുന്നത്‌ 1,000 കോടി രൂപയുടെ പദ്ധതികള്‍ പദ്ധതികളുടെ പുരോഗതി വിലയിരുത്താനും കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഇനിയും മുന്നോട്ടുവരുന്നവരെ സഹായിക്കുന്നതിനും വേണ്ടി കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സില്‍ ഇന്‍വെസ്റ്റേഴ്‌സ്‌ സെല്‍ പ്രവര്‍ത്തനം തുടങ്ങുന്നു.

പടിയൂര്‍ പഞ്ചായത്തിലും വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വേണ്ടതായ നടപടിക്രമങ്ങള്‍ ഉണ്ടാകണം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയക്കാര്‍ എല്ലാവരും ഒറ്റക്കെട്ടായി അടുത്ത 20 വര്‍ഷത്തേക്കുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം.
 

ബിസിനസ്‌ വാര്‍ത്ത - സ്വര്‍ണ വില വീണ്ടും 14,000 കടന്നു
[20 Aug 2010 - 08:30 PM]

ഉത്സവ സീസണും വിവാഹ സീസണും വന്നെത്തിയതോടെ സ്വര്‍ണ വില വീണ്ടും കുതിപ്പ് തുടങ്ങി. ആഭ്യന്തര വിപണികളില്‍ ഇന്ന് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 14,040 രൂപയായി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില ഉയര്‍ന്നത്. ജൂണില്‍ 14,120 രൂപ വരെ ഉയര്‍ന്ന വില പിന്നീട് 14,000ത്തിന് താഴേക്ക് പോയി. സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഉയര്‍ന്നതും വില ഉയരാന്‍ കാരണമായി. വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ജ്വല്ലറികളില്‍ വില്‍പന ഇടിഞ്ഞിട്ടുണ്ട് എങ്കിലും ഓണം, രക്ഷാബന്ധന്‍ ഗണേശ ചതുര്‍ത്ഥി തുടങ്ങിയ ഉത്സവങ്ങള്‍ വരാനിരിക്കുന്നതും കേരളത്തില്‍ വിവാഹ സീസണ്‍ തുടങ്ങിയതും വില്‍പന കാര്യമായി കുറയ്ക്കില്ലെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.


ദേശീയ വാര്‍ത്ത - 300 ശതമാനം ശമ്പള വര്‍ദ്ധന പോരെന്ന് എം‌പിമാര്‍ !!!
[20 Aug 2010 - 08:30 PM]


മുന്നൂറ് ശതമാനം ശമ്പള വര്‍ദ്ധന പോരെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ എം‌പിമാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ലോക്സഭ തടസ്സപ്പെട്ടു. കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകരിച്ച പ്രഖ്യാപിത വര്‍ദ്ധന ‘നാമമാത്രം‘ ആണെന്നും അപമാനിക്കലാണെന്നും സഭയില്‍ പ്രതിഷേധം നടത്തിയ എം‌പിമാര്‍ ആരോപിച്ചു. എം‌പിമാരുടെ ശമ്പളം 16,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്താനാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍, ഇതിനെതിരെ ആര്‍ജെഡി, എസ്പി, ജെഡി (യു) എം‌പിമാര്‍ ശക്തമായ പ്രതിഷേധം കാഴ്ച വയ്ക്കുകയായിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെയും എസ്പി നേതാവ് മുലായം സിംഗ് യാദവിന്റെയും നേതൃത്വത്തിലായിരുന്നു സഭയില്‍ പ്രതിഷേധക്കാര്‍ കത്തിക്കയറിയത്. സര്‍ക്കാര്‍ സെക്രട്ടറിയെക്കാള്‍ കൂടുതല്‍ ശമ്പളം നല്‍കാനായിരുന്നു പാര്‍ലമെന്ററി പാനലിന്റെ നിര്‍ദ്ദേശം. ഇതനുസരിച്ച് എം‌പി‌മാരുടെ ശമ്പളം 80,001 രൂപയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നും ലാലു പ്രസാദ് സഭയില്‍ പറഞ്ഞു. ഇപ്പോഴത്തെ വര്‍ദ്ധന തിരിച്ചെടുക്കണം അല്ലെങ്കില്‍ സെക്രട്ടറിമാരുടെ ശമ്പളത്തെക്കാള്‍ കൂട്ടണം എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടത്തിയവര്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് വരെയെത്തി. പ്രതിഷേധക്കാര്‍ സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു എങ്കിലും വഴങ്ങിയില്ല. ഇതെ തുടര്‍ന്ന് സഭ നിര്‍ത്തി വയ്ക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതയാവുകയായിരുന്നു.

എടതിരിഞ്ഞിയില്‍ ‍ഗുണനിലവാരം കുറഞ്ഞ അരി വില്‍പ്പന - ഓണച്ചന്ത അരിയില്‍ ചെള്ള്
[17 Aug 2010 - 10:30 AM]

എടതിരിഞ്ഞി സഹകരണ ബാങ്ക് ഓണച്ചന്തയില്‍ വില്‍പ്പനക്കായി എത്തിച്ച അരിയില്‍ ചെള്ള് കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞു. എടതിരിഞ്ഞിയില്‍ വിതരണം ചെയ്യാനായി മൊത്തം 160 ചാക്ക് അരിയാണ് കൊണ്ടുവന്നത്. അരിക്ക് നിറം കുറഞ്ഞതിനെ തുടര്‍ന്ന് അരി തൊട്ടടുത്ത മില്ലില്‍ രഹസ്യമായി പോളിഷ് ചെയ്യുന്നതിന് എത്തിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാര്‍ സ്ഥലത്ത് എത്തി ബഹളം വച്ചു. ചാക്കുകളിലെ അരി പരിശോധിക്കുന്നതിനിടയില്‍ ചില ചാക്കുകളില്‍ ചെള്ളുകള്‍ കാണുകയുണ്ടായി. കൂടുതല്‍ നാട്ടുകാര്‍ എത്തി അരി പോളിഷ് ചെയ്യുന്നത് തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ വിതരണം ചെയ്ത അരി ഇത്തരത്തില്‍ പോളിഷ് ചെയ്തതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചെള്ള് കണ്ടാ ചാക്കുകളിലെ അരി വിതരണം ചെയ്യുകയില്ലെന്നു സംഘം പ്രസിഡണ്ട്‌ അറിയിച്ചു.

സാധാരണ ജനങ്ങള്‍ക്ക്‌ ഓണ്‍ലൈന്‍ ആയി പരാതി അയക്കാനുള്ള സംവിധാനം
[16 Aug 2010 - 12:40 PM]

നമ്മുടെ സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക്‌ മുഖ്യമന്ത്രിക്കും എല്ലാ വകുപ്പ് മന്ത്രിമാര്‍ക്കും ഓണ്‍ലൈന്‍ ആയി പരാതി അയക്കാനുള്ള സംവിധാനം ഉണ്ട്. ഇതിനു വേണ്ടി എല്ലാ വകുപ്പ് മന്ത്രിമാര്‍ക്കും വെബ്സൈറ്റ് സി - ഡിറ്റ് ആണ് തയ്യാറാക്കിയിട്ടുള്ളത്. കൂടുതല്‍ അറിയുന്നതിനും പരാതികള്‍ അയക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
ആരാധനാലയങ്ങള്‍ രാഷ്ട്രീയ യോഗങ്ങള്‍ക്കുള്ള വേദിയല്ല
[16 Aug 2010 - 12:20 PM]

ആരാധനാലയങ്ങള്‍ വിശ്വാസികളുടെ അഭയകേന്ദ്രമായാണ് ജനങ്ങള്‍ കാണുന്നത്. ആത്മീയമായ ആനന്ദത്തിനും നിര്‍വൃതിക്കും വേണ്ടിയാണ് വിശ്വാസികള്‍ അവിടെ എത്തുന്നത്. പ്രാര്‍ഥനയ്ക്കായി എത്തുന്നവര്‍ ഭിന്ന ചിന്താഗതിക്കാരാകാം പല രാഷ്ട്രീയ കക്ഷികളില്‍ പെട്ടവര്‍ ആയിരിക്കാം പ്രത്യേകിച്ച് രാഷ്ട്രീയം ഇല്ലാത്തവരും ഉണ്ടാകാം. ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ടിയുടെ പ്രചാരണത്തിന്റെ കേന്ദ്രമായോ കരുവായോ ആരാധനാലയങ്ങളെ ഉപയോഗപ്പെടുത്തുന്നത് ലക്ഷണമൊത്ത വര്‍ഗീയതയായി മാത്രമേ കാണാന്‍ കഴിയൂ.

ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം ആരാധനാലയങ്ങളില്‍ എല്ലാം തന്നെ വിശ്വാസികള്‍ പോകുന്നത് അത് അവരുടെ ആത്മീയമായ അഭയകേന്ദ്രങ്ങള്‍ ആയതിനാലാണ്. എന്നാല്‍ രൂക്ഷമായ വര്‍ഗീയതയും രാഷ്ട്രീയ ചായവും മനസ്സില്‍ കൊണ്ടുനടക്കുന്ന വിശുദ്ധിയുടെ കുപ്പായമണിഞ്ഞ ചിലര്‍ ഇടയലേഖനം എന്ന പേരില്‍ ആരാധനാലയങ്ങളില്‍ വായിക്കുന്ന രാഷ്ട്രീയ ലേഖനങ്ങള്‍ വിശ്വാസികളില്‍ വര്‍ഗീയമായതും രാഷ്ട്രീയമായതും ആയ ചേരിതിരിവ്‌ വളര്‍ത്താന്‍ മാത്രമേ ഉപകരിക്കൂ.

ആരാധനാലയങ്ങള്‍ ഒന്നും തന്നെ രാഷ്ട്രീയ പഠന കേന്ദ്രങ്ങള്‍ അല്ല. എന്നാല്‍ തലപ്പത്തുള്ള ചിലരുടെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ആരാധനാലയങ്ങളില്‍ വരുന്നവരെ മാനസികമായും രാഷ്ട്രീയമായും വിഷം കുത്തിവക്കുന്ന ഇത്തരം പ്രവണതകള്‍ ജനങ്ങളില്‍ ചേരി തിരിവുണ്ടാക്കുവാന്‍ മാത്രമേ സഹായിക്കൂ. എല്ലാ മതത്തില്‍പെട്ടവരുടേയും ആരാധനാലയങ്ങള്‍ അവരുടെ വിശ്വാസങ്ങള്‍ക്ക് വേണ്ടി നില കൊള്ളട്ടെ. എല്ലാ വിഭാഗത്തില്‍ പെട്ടവരും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് വന്നു കൊള്ളട്ടെ എന്നാല്‍ ഒരു ആരാധനാലയവും രാഷ്ട്രീയ യോഗങ്ങള്‍ നടത്താനുള്ള വേദിയാക്കരുത് - അത് നാടിനു നല്ലതല്ല.
 


ശ്രീദേവി ടീച്ചര്‍ക്ക് മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ്

[12 Aug 2010 - 08:45 AM]

അധ്യാപനരംഗത്ത്‌ വ്യക്തിമുദ്ര പതിച്ച ശ്രീദേവി ടീച്ചര്‍ക്ക് മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാര്‍ഡ്, തൃശൂര്‍ ജില്ലയിലെ മികച്ച അധ്യാപികക്കുള്ള പി ടി എ പുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്. എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ്.


പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ കണ്‍ വീനര്‍ പഞ്ചായത്ത്‌ എജുക്കെഷന്‍ ഇമ്പ്ലിമെന്റിംഗ് ഓഫീസര്‍ എന്നീ നിലകളിലും ശ്രദ്ധേയമാണ്. അധ്യാപക ദിനമായ സെപ്റ്റംബര്‍ 5 നു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ പുരസ്ക്കാരം നല്‍കും. 25000 രൂപയുടെ കാഷ് അവാര്‍ഡും വെള്ളിമെഡലും പ്രശസ്തി പത്രവുമാണ് പുരസ്ക്കാരം
 


വിശുദ്ധ റംസാന്‍ മാസത്തിനു തുടക്കമായി

റംസാന്‍ സമാഗതമായതോടെ ഇസ്ലാം മതവിശ്വാസികള്‍ വ്രതശുദ്ധിയുടെ നിറവില്‍. ഇന്നുമുതല്‍ മുപ്പതുദിവസം ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം പുണ്യങ്ങളുടെ പൂക്കാലമാണ്. ഇനിയുള്ള ദിനരാത്രങ്ങള്‍ മസ്ജിദുകളും മുസ്ലിം ഭവനങ്ങളും ഭക്തിസാന്ദ്രമാകും. വിശുദ്ധ ഖുറാന്‍ അവതരിച്ച പുണ്യമാസം വിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ നോമ്പുകാലമാണ്. നമസ്‌കാരവും ഉപവാസവും ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളുമായി സജീവമാകുന്ന ദിനരാത്രങ്ങളാണ് ഇനി വിശ്വാസികളെ കാത്തിരിക്കുന്നത്.

ഇനിവരുന്ന ഒരു മാസക്കാലം പ്രാര്‍ത്ഥനയും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കൊണ്ട്‌ ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും. ഖുര്‍ ആനില്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ള ക്ഷമ പരിശീലിക്കുന്ന കാലം കൂടിയാണിത്‌. ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണെന്നാണ്‌ നബി വചനം. വ്രതം ക്ഷമയുടെ പകുതിയാണെന്നും പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.

കഠിനവ്രതമനുഷ്ടിക്കുന്ന വിശ്വാസി എല്ലാവരോടും ക്ഷമയോടെ മാത്രം പെരുമാറുന്നു. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കുന്നു. അതിലൂടെ സഹജീവി സ്‌നേഹം വളരുന്നു. പാപമോചനത്തിന്റെ മാസമാണ്‌ റംസാന്‍. പുണ്യമാസത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാതെ നടത്തുന്ന നോമ്പുതുറ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതാണ്‌.




ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമാകണം - നാടിന്‍റെ ആവശ്യം

1936 കാലഘട്ടത്തില്‍ പ്രധാന മലഞ്ചരക്കുവ്യാപാരകേന്ദ്രമായിരുന്ന ഇരിഞ്ഞാലക്കുടയിലേക്ക് ഷണ്‍മുഖം ചെട്ടിയാര്‍ നിര്‍മ്മിച്ച് 1940-ല്‍ ഉദ്ഘാടനം ചെയ്ത കനാലിന്റെ മൊത്തം 7 കിലോമീറ്റര്‍ നീളത്തില്‍ പകുതിയിലേറെയും പടിയൂര്‍ പഞ്ചായത്തിന്റെ മധ്യഭാഗത്തുകൂടെ കടന്നുപോകുന്നു. ഒരു കാലത്ത്‌ നാടിന്റെ വാണിജ്യ വ്യവസായത്തിന്റെ ജീവനാഡിയായിരുന്ന ഷണ്മുഖം കനാലിനു പകരം കേരളത്തിലെ മറ്റെല്ലായിടങ്ങളിലും കാണുന്നതുപോലെ ആഫ്രിക്കന്‍ പായലുകള്‍ നിറഞ്ഞു നില്‍ക്കുന്ന ചപ്പുചവറുകള്‍ കൊണ്ടിടാനുള്ള ഒരു ചെളിക്കുഴിയായി മാറിയിരിക്കുന്നു ഷണ്മുഖം കനാല്‍. എഴുപതുകളുടെ അവസാനത്തോടെ കനാലിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. ഇന്നിപ്പോള്‍ കനാല്‍ മണ്ണിടിഞ്ഞ്‌ നികന്ന നിലയിലാണ്‌. മിക്കവാറും ഭാഗങ്ങള്‍ കാടുപിടിച്ചുകിടക്കുന്നു. വിവിധയിടങ്ങളില്‍ നിന്നെത്തുന്ന ചപ്പുചവറുകള്‍ തള്ളുന്ന ഒരിടമായി ഷണ്മുഖം കനാല്‍ മാറിക്കഴിഞ്ഞിരിക്കുന്നു. കനാലിലെ വെള്ളക്കെട്ടില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നതു പതിവാകുന്നു. ദുര്‍ഗന്ധം വമിക്കുന്ന സാംക്രമിക രോഗങ്ങള്‍ക്ക്‌ കാരണമാകുന്ന കനാലിനെ ഇന്ന്‌ ജനങ്ങള്‍ ഭീതിയോടെയാണ്‌ കാണുന്നത്‌.

എല്ലാവിധത്തിലും നാശോന്മുഖമായ ഷണ്മുഖം കനാലിന്‌ അടുത്തിടെയുണ്ടായ ചില തീരുമാനങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നവയാണ്‌. ദേശീയ-ജലപാത പദ്ധതിയുടെ ഭാഗമായി കനോലി കനാലിനെ പദ്ധതിയില്‍ ഉള്‍പെടുത്തിയതോടെ കാനോലി കനാലുമായി ബന്ധപ്പെട്ടു കിടക്കുന്ന ഷണ്മുഖം കനാലിനെ ഫീഡര്‍ കനാലായി അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന്‌ ഷണ്മുഖം കനാലിന്റെ പുനരുദ്ധാരണത്തിനും വികസനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ഇറിഗേഷന്‍ വകുപ്പ്‌ വഴി 77 ലക്ഷം രൂപ അനുവദിച്ചു. കനാലിന്റെ ഇരുകരകളിലും കരിങ്കല്‍ ഭിത്തി കെട്ടുന്നതിനും ചെളി നീക്കം ചെയ്‌ത്‌ പൂര്‍വ സ്ഥിതിയിലാക്കുന്നതിനുമാണ്‌ ഈ തുക അനുവദിച്ചിരിക്കുന്നത്‌.

പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകള്‍ ഇരിങ്ങാലക്കുട നഗരസഭ എന്നിവിടങ്ങളിലൂടെയാണ്‌ കനാല്‍ കടന്നുപോകുന്നത്‌. എന്നാല്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ കനാലിന്റെ പുനരുദ്ധാരണത്തിനായി വേണ്ടത്ര ശുഷ്‌കാന്തി കാണിക്കുന്നില്ലെന്ന പരാതി നാട്ടുകാര്‍ക്കിടയിലുണ്ട്‌. കനാല്‍ പഴയ നിലയിലാക്കാന്‍ വന്‍ വെല്ലുവിളിയാണ്‌ സര്‍ക്കാരിന്‌ മുന്നിലുള്ളത്‌. 2008 ഫെബ്രുവരി മൂന്നിന്‌ ജലവകുപ്പുമന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ ഇതിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തുവെങ്കിലും ഈ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതി വഴിയിലാണ്‌. പടിയൂര്‍ പഞ്ചായത്തിലെ ചില ഭാഗങ്ങളില്‍ മാത്രമാണ്‌ നിര്‍മാണ പ്രവര്‍ത്തികള്‍ നടന്നിട്ടുള്ളത്‌. കനാലിലെ പായലും ചെളിയും ചണ്ടിയും കോരി മാറ്റിയ ശേഷം കനാലിന്റെ ഇരുകരകളും കരിങ്കല്ലുകൊണ്ട്‌ കെട്ടുന്ന പണിയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നീളുന്ന ദേശീയ ജലപാതയുടെ ഭാഗമായി ഷണ്മുഖം കനാല്‍ മാറും. അങ്ങനെ വന്നാല്‍ കനാലിലൂടെ ചുരുങ്ങിയ ചെലവില്‍ ചരക്കു ഗതാഗതം സാധ്യമാവും. വിനോദ സഞ്ചാര രംഗത്ത്‌ കനാലിന്‌ വലിയ പങ്ക്‌ വഹിക്കാനാകും.

പക്ഷെ ഇരിഞ്ഞാലക്കുട മുതല്‍ കാനോലി കനാല്‍ വരെയുള്ള ഷണ്മുഖം കനാല്‍ മാലിന്യ വിമുക്തമാകേണ്ടത് നാടിന്‍റെ ആവശ്യമാണ്. മാലിന്യങ്ങള്‍ തള്ളാന്‍ ഉള്ള സ്ഥലം അല്ല ഷണ്മുഖം കനാല്‍.




പാപ്പാത്തുമുറി റോഡ് വെള്ളത്തിലായി

മഴ തുടങ്ങിയതോടെ പാപ്പാത്തുമുറി റോഡ്‌ വെള്ളത്തിലായി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാഗികമായി ടാറിംഗ് നടത്തിയ റോഡ്‌ പല ഭാഗത്തും കേടായിട്ടുണ്ട്. വര്‍ഷങ്ങളായി ഈ പ്രദേശത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചു ജനങ്ങള്‍ ഒപ്പിട്ട നിവേദനം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.ആനന്ദശയനന്‍ മാസ്റ്റര്‍, മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ. പി. മണി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് 2 മാസങ്ങള്‍ക്കു മുമ്പ് നല്‍കിയിരുന്നു. പാപ്പാത്തുമുറി റോഡ് നന്നാക്കുന്നതിനായി മന്ത്രി കെ. പി. രാജേന്ദ്രന്‍ 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് . പക്ഷെ ഇതു പണി മുഴുവന്‍ നടത്തുന്നതിന് തികയില്ല. ചേലൂര്‍ പള്ളി മുതല്‍ തുടങ്ങുന്ന റോഡ് ശിവകുമാരേശ്വര റോഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട ഈ റോഡും ഗതാഗത യോഗ്യമല്ല. പാപ്പാത്തുമുറി റോഡ്‌ പകുതി വരെ തെരുവ് വിളക്കുകള്‍ കത്തിക്കുന്നതിനായി ഇലക്ട്രിക് ലൈന്‍ വലിച്ചിട്ടുണ്ട് പക്ഷെ തെരുവ് വിളക്കുകള്‍ കണക്ട് ചെയ്യാന്‍ ഒരു നടപടിയും ഇന്നേ വരെ ഉണ്ടായിട്ടില്ല. ഇതു കാരണം രാത്രി ഈ റോഡില്‍ കൂടിയുള്ള യാത്ര വളരെ ദുസ്സഹമാണ്. പടിയൂര്‍ പഞ്ചായത്തിലെ പല റോഡുകളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്.

ചേലൂര്‍ പള്ളി മുതല്‍ ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിനു സമീപം വരെയുള്ള റോഡ്‌ വളരെ പ്രധാനപ്പെട്ടതാണ്. പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങ ളായ ശ്രീ ശിവകുമാരേശ്വര ക്ഷേത്രം, ചേലൂര്‍ പള്ളി, രണ്ടു പ്രധാന സ്കൂളുകളായ എച്ച് ഡി പി സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ്‌ മേരീസ് എല്‍ പി സ്കൂള്‍ എന്നിവയിലേക്കുള്ള റോഡ്‌ ആണ് ഇത്. കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് ഇലക്ഷന്‍, നിയമസഭ ഇലക്ഷന്‍, ലോകസഭ ഇലക്ഷന്‍ എന്നിവ പല പ്രാവശ്യം നടന്നു. തെരഞ്ഞെടുപ്പു സമയത്ത് എല്ലാവരും വോട്ടു ചോദിയ്ക്കാന്‍ വരും പക്ഷെ അതിനു ശേഷം ആരും പാപ്പാത്തുമുറിക്കു വേണ്ടി ആരും ഒന്നും ചെയ്യാറില്ല എന്ന് ഈയിടെ പാപ്പാത്തുമുറി യില്‍ നടന്ന ജനകീയ യോഗത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പറഞ്ഞു.




Future Generali ഇരിഞ്ഞാലക്കുടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രശസ്തരായ Future Generali ഇരിഞ്ഞാലക്കുടയില്‍ ചന്തക്കുന്നു അഭിമാന്‍ ടവറിലുള്ള Real Securities & Financial Services എന്ന സ്ഥാപനവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതു പ്രകാരം Future Generali യുടെ വാഹന ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്, ട്രാവല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ പോളിസികളും Real Securities & Financial Services മാര്‍ക്കറ്റ്‌ ചെയ്യുന്നതായിരിക്കും. ഇരിഞ്ഞാലക്കുടയില്‍ കഴിഞ്ഞ 3 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയല്‍ സെകുരിടീസ് & ഫിനാന്‍ഷ്യല്‍ സര്‍വീസസ് India Infoline Ltd എന്ന സ്റ്റോക്ക്‌ ബ്രോക്കിംഗ് സ്ഥാപനത്തിന്‍റെ ബിസിനസ്‌ അസോസിയേറ്റ് ആണ്. കൂടാതെ ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത്‌ റിലയന്‍സ്, മെറ്റ് ലൈഫ് തുടങ്ങിയ കമ്പനികളുടെ എല്ലാവിധ പോളിസികളും ഈ സ്ഥാപനം മുഖേന ലഭ്യമാണ്.

ജോലി ഒഴിവുകള്‍ :
ഡീമാറ്റ് അക്കൗണ്ട്‌, ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ മാര്‍ക്കറ്റ്‌ ചെയ്യുന്നതിന് കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലിക്കാരെ ആവശ്യമുണ്ട്. മുന്‍ പരിചയം ആവശ്യമില്ല - എല്ലാവിധ തൊഴില്‍ പരിശീലനങ്ങളും നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2833552 എന്ന നമ്പറില്‍ വിളിക്കുക.

സ്പെഷ്യല്‍ ഓണം ഓഫര്‍ (REFER & WIN ഓഫര്‍)
നിങ്ങള്‍ ആരും ആയിക്കൊള്ളട്ടെ, ഞങ്ങളുടെ സാമ്പത്തിക സേവനങ്ങളായ ഡീമാറ്റ് അക്കൗണ്ട്‌, ലൈഫ് ഇന്‍ഷുറന്‍സ്, വാഹന ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ പരിചയപ്പെടുത്തുക. അവര്‍ ഞങ്ങളില്‍ നിന്ന് ആ പ്രോഡക്റ്റ് എടുത്താല്‍ നിങ്ങള്‍ക്ക് 30 ദിവസത്തിനുള്ളില്‍ ഒരു സമ്മാനം ഉറപ്പായും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 2833552 എന്ന നമ്പറില്‍ വിളിക്കുക.
 


ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട്‌ - തൃകാല പൂജ - പ്രഭാഷണം



എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടകം 15 ( ജൂലായ്‌ 31 ) ശനിയാഴ്ച വിഘ്നേശ്വര പ്രീതിക്കായി തന്ത്രി തിലകന്‍ ശാന്തിയുടെ മുഖ്യ കാര്‍മികതത്വത്തില്‍ രാവിലെ മഹാഗണപതി ഹവനവും ആനയൂട്ടും തൃകാല പൂജയും നടന്നു. ഉച്ചക്ക് ഭക്തജനങ്ങള്‍ക്കായുള്ള പ്രസാദ സദ്യയും വൈകീട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോ. എം. ലക്ഷ്മികുമാരി ( ഡയറക്ടര്‍ വിവേകാനന്ദ കേന്ദ്ര വേദിക് വിഷന്‍ ഫൌണ്ടേഷന്‍, കൊടുങ്ങല്ലൂര്‍ ) ആത്മീയ പ്രഭാഷണം നടന്നു. ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആദ്യമായാണ്‌ ആനയൂട്ട്‌ നടന്നത്. 
ആനയൂട്ട്‌ ഫോട്ടോകള്‍ കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

എടതിരിഞ്ഞി ഡോട്ട് കോം വെബ്‌സൈറ്റില്‍ നിങ്ങള്‍ക്കും വാര്‍ത്തകള്‍ നല്‍കാന്‍ അവസരം.

എടതിരിഞ്ഞി ഡോട്ട് കോം വാര്‍ത്തകള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി പടിയൂര്‍ പഞ്ചായത്ത്‌ അതിര്‍ത്തിയില്‍ പെടുന്ന എല്ലാ പ്രാദേശിക വിഷയങ്ങളും ജനങ്ങള്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ അവസരം. പക്ഷെ വിഷയങ്ങള്‍ സ്വതന്ത്രവും സത്യസന്ധമായതും പ്രസക്തവും ആയിരിക്കണം. നിങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആലോചിക്കുന്ന വിഷയങ്ങള്‍ വെള്ള കടലാസില്‍ മലയാളത്തില്‍ എഴുതി തയ്യാറാക്കി നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം എടതിരിഞ്ഞി ഡോട്ട് കോം ഓഫീസില്‍ ഞങ്ങളുടെ മീഡിയ ഫോട്ടോഗ്രാഫര്‍ക്ക് കൈമാറുക (Sunil, Graphic Studio, Near Co-Opertive Bank, Edathirinji )

ഒരു സേവനം എന്ന നിലയില്‍ സ്ഥിരമായി പ്രാദേശിക വാര്‍ത്തകള്‍ നല്‍കാന്‍ തയ്യാറുള്ളവര്‍ ഞങ്ങളുമായി ബന്ധപ്പെടുക.

പടിയൂര്‍ - സാമൂഹ്യ-സാംസ്കാരികചരിത്രം

പുരാതന ചേരരാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തിന്റെ മതില്‍ക്കകമായ തൃക്കണാമതിലകത്തിന്റെ പടിയായ ഊര് എന്നു കണക്കാക്കപ്പെട്ടിരുന്ന പ്രദേശമായിരുന്നു പടിയൂര്‍ എന്നറിയപ്പെട്ടത്. ഇതത്രെ പടിയൂരിന്റെ സ്ഥലനാമ ഐതിഹ്യം. ഭരതപ്രതിഷ്ഠയുള്ള മഹാക്ഷേത്രത്തിന്റെ പെരുമകൊണ്ടും മലഞ്ചരക്കുവ്യാപാരകേന്ദ്രമെന്ന പ്രധാന്യം കൊണ്ടും പ്രശസ്തമായിരുന്ന ഇരിഞ്ഞാലക്കുട പട്ടണമായിരുന്നു പടി ഇറങ്ങുന്നവരുടെ ലക്ഷ്യസ്ഥാനം. നാട്ടുപാതകളിലൂടെ കാല്‍നടയായി നീങ്ങുന്ന വഴിയാത്രക്കാരും, വിവാഹസംഘങ്ങളും ഇരിഞ്ഞാലക്കുട ചന്തയില്‍ നിന്നും വാങ്ങിയ സാധനങ്ങള്‍ വഹിച്ചുനീങ്ങുന്ന ചുമട്ടുകാരും കച്ചവടക്കാരും കടന്നുപോയിരുന്നത് 1950-കളുടെ അവസാനം വരെ ഈ ഗ്രാമത്തിലെ പതിവുകാഴ്ചയായിരുന്നു. സഞ്ചാരികള്‍ക്കു വിശ്രമത്തിനായി നിര്‍മ്മിച്ച വഴിയമ്പലങ്ങളും ആല്‍ത്തറകളും അതിനോടുചേര്‍ന്ന് നാട്ടുവഴികളുടെ ഓരത്തുള്ള മറ്റ് അത്താണികളും പോയ്മറഞ്ഞ ഒരു കാലഘട്ടത്തിന്റെ അടയാളങ്ങളായി ഇന്നും പലയിടത്തും കാണാം. കൂടുതല്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക