Edathirini Local News :
കോറാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം - അശ്വതി മഹോത്സവം ജനുവരി 27 മുതല്‍ 30 വരെ
[26 January 2012 - 09: 55 PM]
എടതിരിഞ്ഞി കോറാത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷവും അശ്വതി മഹോത്സവവും ജനുവരി 27 മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ ആഘോഷിക്കുന്നു. മുത്തപ്പന്‍, ദേവി, ഉപ ദേവന്മാര്‍, നാഗങ്ങള്‍ എന്നിവര്‍ക്ക് കളമെഴുത്തും പാട്ടും, പ്രതിഷ്ഠാ ചടങ്ങുകളും ഈ ദിനങ്ങളില്‍ നടക്കുന്നു. പ്രതിഷ്ഠാ ദിനമായ ജനുവരി 29 ഞായറാഴ്ച രാത്രി 8 : 30 നു എടതിരിഞ്ഞി മഹാത്മാ സാംസ്കാരിക സംഘം ഒരുക്കുന്ന കലാവിരുന്ന്. ജനുവരി 30 നു തിങ്കളാഴ്ച രാത്രി 8 : 30 നു സിഗ്നല്സ് വള്ളുവനാട് അവതരിപ്പിക്കുന്ന നാടകം ഉച്ചപ്രാന്തന്‍. ജനുവരി 31 ചൊവ്വാഴ്ച വെളുപ്പിന് 2 : 30 നു ഗുരുതിതര്‍പ്പണം, എഴുന്നെള്ളിപ്പ് എന്നിവയോടെ ആഘോഷ പരിപാടികള്‍ സമാപിക്കുന്നു.
സംസ്ഥാനതല കഥാ രചന മത്സരത്തില്‍ കെ എസ് തീര്‍ത്ഥക്ക് ഒന്നാം സ്ഥാനം.
[15 January 2012 - 09: 40 PM]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചു നടന്ന കഥാ രചന മത്സരത്തില്‍ യു പി വിഭാഗത്തില്‍ വള്ളിവട്ടം ഗവഃ യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കെ എസ് തീര്‍ത്ഥ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വള്ളിവട്ടം കുമ്പളപറമ്പില്‍ സുകുമാരന്‍റെയും നയനയുടെയും മകളാണ് തീര്‍ത്ഥ. തീര്‍ത്ഥക്ക് എടതിരിഞ്ഞി ഡോട്ട് കോം ടീമിന്‍റെ അഭിനന്ദനങ്ങള്‍.
ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ പള്ളിയില്‍ തിരുന്നാള്‍ മഹാമഹം ഡിസംബര്‍ 22 മുതല്‍ ജനുവരി 2 വരെ ആഘോഷിക്കുന്നു.
[27 December 2011 - 11: 30 AM]
ചേലൂര്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്‍റെ പള്ളിയില്‍ മദ്ധ്യസ്ഥ തിരുന്നാളും വി. സെബാസ്ത്യനോസിന്‍റെ അമ്പു തിരുന്നാളും 2011 ഡിസംബര്‍ 31 , 2012 ജനുവരി 1 തിയ്യതികളില്‍ സംയുക്തമായി ആഘോഷിക്കുന്നു. 2011 ഡിസംബര്‍ 22 നു വ്യാഴാഴ്ച വൈകീട്ട് 5 : 30 നു ഇരിഞ്ഞാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്ത്യന്‍ മാളിയേക്കല്‍ കൊടികയറ്റം നടത്തി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 2011 ഡിസംബര്‍ 22 മുതല്‍ 2012 ജനുവരി 2 വരെയുള്ള 10 ദിവസങ്ങളിലായി ഇടതിരുന്നാളും നടത്തപ്പെടുന്നു. തിരുന്നാള്‍ ദിനമായ 2011 ജനുവരി 1 ഞായറാഴ്ച ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന് വര്‍ണ്ണകാഴ്ച. ജനുവരി 2 നു വൈകീട്ട് 6 : 30 നു കൊച്ചിന്‍ കലാഭവന്‍റെ മിമിക്സ് ഗാനമേളയോടെ ആഘോഷങ്ങള്‍ സമാപിക്കും.
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ മണ്ഡലം ആഘോഷങ്ങള്‍ ഡിസംബര്‍ 27 നു പ്രധാന ചടങ്ങുകളോടെ സമാപിക്കുന്നു.
[24 December 2011 - 11: 20 AM]
മണ്ഡലം ചിറപ്പ് ഉത്സവത്തിന്‍റെ അവസാന ദിവസമായ ഡിസംബര്‍ 27 ചൊവ്വാഴ്ച എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ വിശേഷാല്‍ വഴിപാടുകളും പൂജകളും മറ്റു ചടങ്ങുകളും നടക്കുന്നു. പുലര്‍ച്ചെ 5 മണിക്ക് മഹാഗണപതി ഹവനം, 8 മണിക്ക് നവകം, പഞ്ചഗവ്യം, രുദ്രാഭിഷേകം, ശിവനും സുബ്രഹ്മണ്യനും ഗണപതിക്കും ബ്രഹ്മ കലശം, അയ്യപ്പ സ്വാമിക്ക് നെയ്യഭിഷേകം, പാര്‍വതീ ദേവിക്ക് അഭിഷേകം, ശിവനും മുരുകനും രുദ്രാഭിഷേകം കലശം തുടര്‍ന്ന് പ്രസാദ വിതരണം തുടര്‍ന്ന് 10 മണിക്ക് ഉച്ചപ്പൂജ. വൈകുന്നേരം ക്ഷേത്രത്തില്‍ നിലവിളക്ക്, ചിരാതു കൊണ്ടുള്ള ദീപാലങ്കാരം. മുരുകന് മുഴുവനായി ചന്ദനം ചാര്‍ത്ത് ( മുഴുക്കാപ്പ് ചാര്‍ത്ത് ) തുടര്‍ന്ന് ദീപാരാധന. ദീപാരാധനക്ക് ശേഷം കൃഷ്ണ അവില്‍ മില്ലിന്‍റെ അവല്‍ പ്രസാധ വിതരണം. തുടര്‍ന്ന് ശ്രീ വിനായക ചിന്തു സംഘത്തിന്‍റെ ചിന്തു പാട്ട് ശ്രീ ദിലീപും സംഘവും അവതരിപ്പിക്കുന്നു. 7 : 30 നുള്ള അത്താഴപൂജക്ക് ശേഷം ഭഗവല്‍ പ്രസാദമായി കഞ്ഞി വിതരണം ഉണ്ടായിരിക്കും. അന്നത്തെ ദിവസത്തെ ക്ഷേത്രകര്‍മ്മങ്ങള്‍ക്ക് ശ്രീ. തൈവളപ്പില്‍ സുരേഷ് ശാന്തി (മാപ്രാണം) തളിയക്കുളം ശിവദാസ് ശാന്തി (പടിയൂര്‍) ക്ഷേത്രം മേല്‍ശാന്തി രവീന്ദ്രന്‍ ശാന്തി, പെരിങ്ങോത്ര സ്വയംഭൂ ശാന്തി, ഇളയിടത്തുമഠം രാമദാസ് (സഹായി) എന്നിവര്‍ കര്‍മ്മികത്തം വഹിക്കുന്നു.
എടതിരിഞ്ഞിയിലെ സ്ഥാപനത്തില്‍ ജോലി ഒഴിവുകള്‍
[22 December 2011 - 10:35 AM]
ഓഹരി വ്യാപാര സ്ഥാപനമായ ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ് എടതിരിഞ്ഞി ഫ്രാഞ്ചിസിയില്‍ ടെര്‍മിനല്‍ ഓപ്പറേറ്റര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, മാര്‍ക്കറ്റിംഗ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകള്‍ ഉണ്ട്. കൂടാതെ ഞങ്ങളുടെ സ്ഥാപനമായ വേള്‍ഡ് വെബ്സ് ഓണ്‍ലൈന്‍ ഡോട്ട് കോമിനു വെബ് ഡിസൈന്‍ പഠിച്ചവരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര്‍ അവരുടെ ഏറ്റവും പുതിയ ബയോഡാറ്റ എത്രയും പെട്ടെന്ന് traders@edathirinji.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുക
ഫെഡറല്‍ ബാങ്ക് ATM എടതിരിഞ്ഞിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
[21 December 2011 - 12:45 PM]
എടതിരിഞ്ഞി : ഫെഡറല്‍ ബാങ്ക് കാക്കാതുരുത്തി ബ്രാഞ്ചിന്‍റെ ATM കൌണ്ടര് പ്രവര്‍ത്തനം ആരംഭിച്ചു. ATM ന്‍റെ ഉത്ഘാടനം ഇന്നു രാവിലെ 10 : 45 നു ഇരിഞ്ഞാലക്കുട എം എല്‍ എ ശ്രീ. തോമസ് ഉണ്ണിയാടന്‍ ഉത്ഘാടനം നിര്‍വഹിച്ചു. ATM കാര്‍ഡ് ഉപയോഗിച്ചുള്ള ആദ്യത്തെ പണമിടപാട് പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അജിത പീതാംബരന്‍ നിര്‍വ്വഹിച്ചു. നാടിന്‍റെ പുരോഗതിക്കു സഹായകമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് മൂലം ബാങ്കിന്‍റെ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനു സഹായകമാകും എന്ന് എം എല്‍ എ പറഞ്ഞു. കൂടാതെ പടിയൂരിന്‍റെ രൂക്ഷമായ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കുന്നതിന് പദ്ധതികള്‍ തയ്യാറായിട്ടുണ്ടെന്നും കാക്കാത്തുരുത്തിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് എന്നും എം എല്‍ എ. ശ്രീ തോമാസ് ഉണ്ണിയാടന്‍ പറഞ്ഞു. ചടങ്ങില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. അജിത പീതാംബരന്‍ , ഫെഡറല്‍ ബാങ്ക് ജനറല്‍ മാനേജര്‍ സി. പി. മോഹന്‍ദാസ്, സീനിയര്‍ മാനേജര്‍ മുരളികുമാര്‍ എന്നിവര്‍ സംസാരിച്ചു.
എടതിരിഞ്ഞി സോക്കര് ക്ലബിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷം ഡിസംബര്‍ 10 , 11 തിയ്യതികളില്‍ ആഘോഷിക്കുന്നു.
[10 December 2011 - 08:45 PM]
എടതിരിഞ്ഞി സോക്കര് ക്ലബിന്‍റെ സില്‍വര്‍ ജൂബിലി ആഘോഷം ഡ്രീംസോണ്‍ സ്റ്റേഡിയത്തില്‍ വച്ച് ഡിസംബര്‍ 10 , 11 , ശനി, ഞായര്‍ തിയ്യതികളില്‍ നടക്കുന്നു. ജില്ലാതല സെവന്‍സ് ഫുട്ബോള്‍ മത്സരം, ഡിസംബര്‍ 11 നു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണി മുതല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന കലാ-സാഹിത്യ-കായിക മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് വൈകീട്ട് 4 : 30 നു ക്ലബിന്‍റെ വാര്‍ഷികാഘോഷ സമ്മേളനം ബഹുമാനപ്പെട്ട വാര്‍ഡു മെമ്പര്‍ ശ്രീ. ഒ. കെ. രാമകൃഷ്ണന്‍ അവര്‍കളുടെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അജിത പീതാംബരന്‍ നിര്‍വഹിക്കുന്നു. ചടങ്ങില്‍ നിരവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു സംസാരിക്കുന്നു.
മുല്ലപെരിയാര്‍ സംരക്ഷണ മതിലിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ എടതിരിഞ്ഞി വില്ലേജ് കമ്മറ്റി നിരാഹാര സമരം നടത്തുന്നു.
[06 December 2011 - 02:20 PM]

എല്‍ ഡി എഫ് ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8 നു നടത്തുന്ന മുല്ലപെരിയാര്‍ സംരക്ഷണ മതിലിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡി വൈ എഫ് ഐ എടതിരിഞ്ഞി വില്ലേജ് കമ്മറ്റി സംഘടിപ്പിച്ച നിരാഹാര സമരം സി പി ഐ എം പടിയൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി ശ്രീ. പി ജെ വിശ്വനാഥന്‍ ഇന്നു രാവിലെ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനു വേണ്ടിയുള്ള ആവശ്യമുന്നയിച്ചു കൊണ്ടാണ് ഈ നിരാഹാര സമരം നടത്തുന്നത്. കേരളത്തിന് പുതിയ ഡാം, തമിഴ്നാടിനു വെള്ളം, 35 ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കുക, കേന്ദ്ര - കേരള സര്‍ക്കാരുകളുടെ നിസംഗത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ആണ് സമരത്തിന് അഭിവാദ്യം നല്‍കി സംസാരിച്ചവര്‍ ആവശ്യപ്പെട്ടത്.
ഡി വൈ എഫ് ഐ എടതിരിഞ്ഞി വില്ലേജ് കമ്മറ്റി സെക്രട്ടറി ശ്രീ. കെ. വി. ഹജീഷ്, പ്രസിഡണ്ട് ശ്രീ. കെ എം സുമേഷ്, പടിയൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. സൂരജ്, മറ്റു പ്രവര്‍ത്തകര്‍ എന്നിവര്‍ ഈ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നു.
അഖിലേന്ത്യ CBSE വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ചെന്ത്രാപ്പിന്നി S. N. വിദ്യഭവനില്‍
[28 November 2011 - 05:05 PM]
പതിനാലാമത് അഖിലേന്ത്യ CBSE വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ഡിസംബര്‍ 8 മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ ചെന്ത്രാപ്പിന്നി S. N. വിദ്യഭവനില്‍ വച്ച് നടക്കുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫുനാടുകളില്‍ നിന്നുമായി വിവിധ ഭാഷകളും വേഷങ്ങളും ഭക്ഷണ രീതികളും ഉള്ള 60 ല്‍ പരം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നു. കേരളത്തിലെ ആയിരത്തോളം വരുന്ന സബസേ അംഗീകാരമുള്ള സ്കൂളുകളെ പിറകിലാക്കി കൊണ്ട് അഖിലേന്ത്യ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധാനം ചെയ്യാന്‍ ചെന്ത്രാപ്പിന്നി S. N. വിദ്യഭവനു ലഭിക്കുന്ന അവസരമാണിത്. ഇതു വരെ ദേശീയ മത്സരങ്ങള്‍ എല്ലാം നടത്തിയിട്ടുള്ളത് ചെന്നൈ, ഡല്‍ഹി, മുംബൈ തുടങ്ങിയ മഹാ നഗരങ്ങളിലാണ്. കൂടുതല്‍ വിവരങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പാഘോഷം
[26 November 2011 - 05:15 PM]
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ മണ്ഡലം ചിറപ്പ് ഉത്സവം നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 ( വൃശ്ചികം 1 മുതല്‍ ധനു 11 വരെ ) വരെയുള്ള തിയ്യതികളില്‍ നടക്കുന്നു. വിശേഷാല്‍ പൂജകളും വിശേഷാല്‍ വഴിപാടുകളും ഭക്തര്‍ക്ക് ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും നോട്ടീസ് വായിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
സെന്‍റ് മേരീസ് എല്‍. പി. സ്കൂള്‍ (കക്കഴ സ്കൂള്‍) പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബറില്‍
[18 November 2011 - 06:05 PM]
സെന്‍റ് മേരീസ് എല്‍. പി. സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഡിസംബര്‍ രണ്ടാം വാരം നടത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി സംഘാടകരില്‍ ഒരാള്‍ എടതിരിഞ്ഞി ഡോട്ട് കോമിനോട് പറഞ്ഞു. പ്രദേശത്തെ പ്രധാന സ്കൂളായ കക്കഴ സ്കൂള്‍ എന്നറിയപ്പെടുന്ന സെന്‍റ് മേരീസ് എല്‍. പി. സ്കൂളിലാണ് ഇന്നു പല രംഗങ്ങളിലും പ്രവര്‍ത്തിക്കുന്ന പല ആളുകളും വിദ്യാരംഭം കുറിച്ചത്. 1917 ല്‍ ചേലൂര്‍ പള്ളിയാല്‍ സ്ഥാപിതമായ സെന്റ് മേരീസ് ലോവര്‍ പ്രൈമറി സ്കൂള്‍ പിന്നീട് സാമ്പത്തിക പ്രതിസന്ധിയില്‍ സി, എം, സി, സന്യാസിനികള്‍ക്ക് കൈമാറി 94 വര്‍ഷങ്ങള്‍ പിന്നിമ്പോള്‍ ചേലൂര്‍, എടതിരിഞ്ഞി ഗ്രാമപ്രദേശങ്ങളിലെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വലിയൊരു ആശ്രയമാകുന്നു.
EWA - UAE യുടെ ഓണഘോഷവും വാര്‍ഷികവും അജ്മാനില്‍ വച്ച് നടന്നു
[06 November 2011 - 07:35 PM]

എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA - UAE )യുടെ ഓണഘോഷവും വാര്‍ഷികവും ഒക്ടോബര്‍ 28 തിയതി ഉച്ചക്ക് 1 മണിമുതല്‍ വൈകീട്ട് 8 മണിവരെ അജ്മാനിലെ അല്‍ റയാന്‍ ഹോട്ടലിലെ കൈരളി റസ്റ്റ്‌റന്റില്‍ വച്ച് നടന്നു. ഉദ്ഘാടനം പ്രസിടന്റ്റ് ശ്രീ ജയരാജന്‍ നീലംകുറ്റി നിര്‍വഹിച്ചു. ഈ ഓണാഘോഷത്തോടനുബന്ധിച്ചു വിപുലമായ ഓണസദ്യയും എടതിരിഞ്ഞിയിലെ പ്രവാസികലാകാരന്മാരുടെ ഓണംകളി,തിരുവാതിരകളി, കൈകൊട്ടികളി, ലളിതഗാനം, നൃത്തങ്ങള്‍ തുടങ്ങി മറ്റു കലാപരിപരിപടികളും അരങ്ങേറുകയുണ്ടായി. ട്രഷറര്‍ രാധാകൃഷ്ണന്‍ മുളങ്ങിലിന്റെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.
മാപ്രാണം ജയ്സന്‍റെ ഓടിക്കൊണ്ടുള്ള സമരപ്രയാണയാത്ര എടതിരിഞ്ഞിയില്‍
[31 October 2011 - 11: 10 PM]

ഇരിഞ്ഞാലക്കുട നഗരസഭ അഞ്ചാം വാര്‍ഡ് പൗര സമിതിയുടേയും ഇരിഞ്ഞാലക്കുട എക്സൈസ് ഡിപാര്‍ട്ട്‌മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നഗരസഭ കൌണ്‍സിലര്‍ മാപ്രാണം ജയ്സന്‍റെ നേതൃത്വത്തില്‍ ഹാന്‍സ്, പാന്‍ പരാഗ് മുതലായ ലഹരി വസ്തുക്കള്‍ക്ക് എതിരെ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം തലത്തില്‍ ഓടിക്കൊണ്ടുള്ള സമരപ്രയാണയാത്രയുടെ നാലാം ദിനത്തിന്‍റെ ഉത്ഘാടനം എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു സമീപം നവംബര്‍ 3 നു രാവിലെ 9 : 30 നു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. സി. സി. ജേക്കബ് നിര്‍വഹിച്ചു. വൈകീട്ട് 5 മണിക്ക് നടന്ന സമാപന പ്രഭാഷണം ശ്രീമതി ശ്രീദേവി ടീച്ചര്‍ നിര്‍വഹിച്ചു. ഓടിക്കൊണ്ടുള്ള സമരപ്രയാണയാത്ര നവംബര്‍ 8 നു ഇരിഞ്ഞാലക്കുട ആല്‍ത്തറക്ക് സമീപം സമാപന സമ്മേളനത്തോടെ അവസാനിക്കും.
തിയ്യാടി ജോസഫ് ഭാര്യ സിസിലി നിര്യാതയായി
[31 October 2011 - 11: 10 PM]
ചേലൂര്‍ : തിയ്യാടി ജോസഫ് ഭാര്യ സിസിലി ( 51 വയസ്സ് ) ഒക്ടോബര്‍ 31 നു തിങ്കളാഴ്ച രാവിലെ 3 : 30 നു നിര്യാതയായി. ശവസംസ്കാരം വൈകീട്ട് 3 മണിക്ക് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ വച്ച് നടത്തുന്നു. മക്കള്‍ : സിജി, സിഞ്ചു.
എടതിരിഞ്ഞി സ്വദേശി ശ്രീകാന്ത് ശശിധരന്‍ കേരള യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
[19 October 2011 - 05: 10 PM]
എടതിരിഞ്ഞി സ്വദേശിയും തിരുവനന്തപുരം മാര്‍ബാസിലിയോസ് കോളേജ് ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുമായ പാറയില്‍ ശ്രീകാന്ത് ശശിധരനെ കേരള യൂണിവേഴ്സിറ്റി ബാസ്ക്കറ്റ് ബോള്‍ ടീമിലേക്ക് തെരഞ്ഞെടുത്തു. സംസ്ഥാന ജൂനിയര്‍ ബാസ്ക്കറ്റ് ബോള്‍ ടീം അംഗമാണ്. മുംബൈ നാഷണല്‍സ് 2010 ല്‍ മത്സരിച്ച കേരള യൂത്ത് ടീമില്‍ അംഗമായിരുന്നു. കണ്ണൂരില്‍ വച്ച് നടന്ന സൗത്ത് സോണ്‍ അണ്ടെര്‍ 19 സ്കൂള്‍സ് ടൂര്‍ണ്ണമെന്റില്‍ ജേതാക്കളായ തൃശൂര്‍ ജില്ലാ സ്കൂള്‍ ടീമിന്‍റെ ക്യാപ്റ്റന്‍ ആയിരുന്നു. ശ്രീ. ശ്രീകാന്ത് ശശിധരനു എടതിരിഞ്ഞി ഡോട്ട് കോം എല്ലാ വിജയാശംസകളും നേരുന്നു.
നാട്ടൊരുമ 2011 ആറാം വാര്‍ഷികം ഒക്ടോബര്‍ 6 നു എച് ഡി പി സ്കൂളിനു കിഴക്ക് വശം
[05 October 2011 - 12:30 PM]
ഒക്ടോബര്‍ 6 നു വിജയ ദശമി നാളില്‍ എച് ഡി പി സ്കൂളിനു കിഴക്ക് വശം സാംസ്കാരിക സംഘടനയായ നാട്ടൊരുമയുടെ ആറാം വാര്‍ഷികം രാവിലെ 9 : 30 നു വാര്‍ഡു മെമ്പര്‍ ശ്രീമതി ശശികല ശോഭന്‍ദാസ് ഉത്ഘാടനം നിര്‍വഹിക്കുന്നു. തുടര്‍ന്ന് അക്ഷരമുറ്റം, കളിക്കൂട, പേര് എഴുതല്‍ മത്സരം, പായനെയ്തുമത്സരം, പ്രകൃതി പരിചയം, കുരുത്തോല മത്സരം, പ്രശ്നോത്തരി, മിഠായി വാരല്‍, കസേര കളി, ബലൂണ്‍ വീര്‍പ്പിക്കല്‍, ജലകേളി, രുചി മത്സരം തുടങ്ങിയവയും തുടര്‍ന്ന് വൈകീട്ട് 6 : 30 നു ശ്രീ പ്രമോദ് കൊരട്ടില്‍ അധ്യക്ഷനായ സമാപന സമ്മേളനം കലാഭവന്‍ സുരേഷ് ഉത്ഘാടനം ചെയ്യുന്നു. മുഖ്യ പ്രഭാഷണം ശ്രീ. രഘുനാഥന്‍ വൈദ്യര്‍ നിര്‍വഹിക്കുന്നു. എസ്. എന്‍. ഡി. പി. എടതിരിഞ്ഞി ശാഖ പ്രസിഡണ്ട് ശ്രീ. ആറ്റുവേപ്പില്‍ ശശീന്ദ്രന്‍, സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ശ്രീ. ഡോക്ടര്‍ പി. വിജയന്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി ശശികല ശോഭന്‍ദാസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തും തുടര്‍ന്ന് നന്ദി ശ്രീ വടക്കൂട്ട് മോഹനന്‍ നിര്‍വഹിക്കും.
തെക്കൂട്ട് വലൂപറമ്പില്‍ ലാല്‍സന്‍ മകന്‍ സുജിത് ഗള്‍ഫില്‍ വച്ചു നിര്യാതനായി
[01 October 2011 - 09:30 AM]
തെക്കൂട്ട് വലൂപറമ്പില്‍ ലാല്‍സന്‍ മകന്‍ സുജിത് ( 22 വയസ്സ് ) ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 നു രാവിലെ യു എ ഇ യിലെ ജബല്‍ അലിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബര്‍ 1 നു രാവിലെ 10 മണിക്ക് പടിയൂരില്‍ ഉള്ള വസതിയില്‍ നടക്കും. 3 മാസങ്ങള്‍ക്ക് മുമ്പാണ് സുജിത് ഗള്‍ഫില്‍ എത്തിയത്. ഒരു ഗുജറാത്തി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. സുജിത്തിന്‍റെ നിര്യാണത്തില്‍ എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ( EWA - UAE ), കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് കമ്മറ്റി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA-UAE) യുടെ ഓണാഘോഷം ഒക്ടോബര്‍ 28 നു അജ്മാന്‍ റയാന്‍ ഹോട്ടലില്
[28 September 2011 - 09:30 PM]
ദുബായ് : എടതിരിഞ്ഞി വെല്‍ഫെയര്‍ അസ്സോസിയേഷന്‍ (EWA-UAE) യുടെ ഓണാഘോഷം യു എ ഇയിലെ എല്ലാ എടതിരിഞ്ഞി നിവാസികളേയും പങ്കെടുത്തുപ്പിച്ചു കൊണ്ട് ഈ വരുന്ന ഒക്ടോബര്‍ 28 നു അജ്മാന്‍ റയാന്‍ ഹോട്ടലില്‍ വച്ച് വിപുലമായ ഓണ സദ്യയും കലാപരിപാടികളും ഒരുക്കികൊണ്ട് ആഘോഷിക്കുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഈണം 2011 - ഓണം ഇവയോടൊപ്പം പ്രോഗ്രാം എടതിരിഞ്ഞി ശ്രീനാരായണ ഹാളില്‍ നടന്നു
[10 September 2011 - 11:20 PM]
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്‍ ഈണം 2011 - ഓണം ഇവയോടൊപ്പം എന്ന പ്രോഗ്രാം സെപ്റ്റംബര്‍ 10 നു രാവിലെ ബഹുമാനപ്പെട്ട പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത പീതാംബരന്‍ EWA പതാക ഉയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പൂക്കള മത്സരം, അന്‍വര്‍ സ്മാരക ചിത്ര രചനാ മത്സരം, വടം വലി മത്സരം എന്നിവ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനവും ഇവയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന യോഗത്തിന്‍റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇരിഞ്ഞാലക്കുട എം എല്‍ എ ശ്രീ തോമാസ് ഉണ്ണിയാടന്‍ നിര്‍വഹിച്ചു. EWA എടതിരിഞ്ഞിയുടെ പ്രസിഡന്റ് ശ്രീ. മുതുപറമ്പില്‍ സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത പീതാംബരന്‍ ആശംസാ പ്രസംഗം നടത്തി. അന്ധത അനുഭവിക്കുന്ന 3 പെണ്‍കുട്ടികള്‍ക്കുള്ള ധനസഹായവും അവര്‍ക്ക് EWA പ്രസിഡന്റ് ശ്രീ ജയരാജ് നീലംകുറ്റി നല്‍കുന്ന 3 സെന്‍റ് ഭൂമിയുടെ കൈമാറല്‍ ചടങ്ങും, മാതാപിതാക്കളുടെ വേര്‍പാട് മൂലം അനാധരാക്കപ്പെട്ട രണ്ടു കുട്ടികള്‍ക്കുള്ള സഹായനിധി കൈമാറല്‍, അപകടം മൂലം ശരീരം തളര്‍ന്ന യുവാവിനുള്ള ചികിത്സ സഹായ നിധി കൈമാറല്‍, 20 വര്‍ഷത്തിലേറെ ഗള്‍ഫ് ജീവിതം നയിച്ച് തിരിച്ചു വന്ന എടതിരിഞ്ഞി നിവാസികളെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരുന്നു. കൂടാതെ ഏറ്റവും മികച്ച അധ്യാപികക്കുള്ള ദേശീയ അവാര്‍ഡു കരസ്ഥമാക്കിയ ശ്രീമതി. ശ്രീദേവി ടീച്ചറെ EWA ആദരിച്ചു. കൂടാതെ വിദ്യാഭ്യാസ കായിക മേഖലകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരവും കാഷ് അവാര്‍ഡും നല്‍കി ആദരിച്ചു. ഇവ യു എ ഇ സെക്രട്ടറി ശ്രീ. ദിനേശ് കെ മാധവന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ശ്രീ ദിലീപ് ചാണശ്ശേരി ആമുഖ പ്രസംഗം നടത്തി. പൊതുയോഗത്തിന് നന്ദി ശ്രീ രാധാകൃഷ്ണന്‍ മുളങ്ങില്‍ നിര്‍വഹിച്ചു. തുടര്‍ന്ന് തിരുവാതിരക്കളി, നൃത്തം, നാടന്‍ പാട്ട്, മിമിക്സ് തുടങ്ങിയ കലാ പരിപാടികള്‍ നടന്നു.
ഈണം 2011 ഓണം EWA യോടൊപ്പം - സെപ്റ്റംബര്‍ 10 നു എച്ച് ഡി പി സമാജം ശ്രീനാരായണ ഹാളില്‍
[24 Auguest 2011 - 04:27 PM]
എടതിരിഞ്ഞി വെല്‍ഫെയര്‍ അസോസിയേഷന്റെ (ഇവ) ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 10 ന് എടതിരിഞ്ഞി എച്ച്.ഡി.പി.സമാജം ശ്രീനാരായണഹാളില്‍ ഓണാഘോഷ പരിപാടികള്‍ രാവിലെ 9 മണിമുതല്‍ രാത്രി 8 മണിവരെ നടത്തുന്നു. ഈണം 2011 എന്ന പേര് നല്‍കിയിരിക്കുന്ന ഈ പ്രോഗ്രാമില്‍ ജില്ലാതല പൂക്കളമത്സരം, വടംവലി മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം, ജീവകാരുണ്യ സഹായ വിതരണം, വിവിധ കലാപരിപാടികളുടെ അവതരണം എന്നിവ ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ആഗസ്റ്റ് 31 ന് മുമ്പായി (ശശീന്ദ്രന്‍ ആറ്റുവെപ്പില്‍ - 9995578949, വിനോദ് കീഴായില്‍ - 9446529829, ദിലീപ് ചാണാശ്ശേരി - 00971567140939) എന്നീ നമ്പറില്‍ ബന്ധപ്പെടുക. "ഈണം 2011 ഓണം EWA യോടൊപ്പം" വിശദമായ നോട്ടീസ് വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
എടതിരിഞ്ഞിയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ നടന്നു.
[21 Auguest 2011 - 10:06 09:26 PM]
ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ ജന്മദിനം - ശ്രീകൃഷ്ണ ജയന്തി നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വിപുലമായ ആഘോഷങ്ങളോടെ നടന്നു. ബ്രഹ്മകുളം മഹാവിഷ്ണു ക്ഷേത്രത്തില്‍ രാവിലെ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ഉച്ചക്ക് നടന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു. എടതിരിഞ്ഞിയില്‍ ബാലഗോകുലത്തിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന ശോഭാ യാത്രകള്‍ പോസ്റ്റ് ഓഫീസ് സെന്ററില്‍ വന്നതിനു ശേഷം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ വൈകീട്ട് 6 മണിക്ക് എത്തിചേര്‍ന്നു. തുടര്‍ന്ന് ഉറിയടി മത്സരം ഉണ്ടായിരുന്നു. ( എടതിരിഞ്ഞിയിലെ ശ്രീ കൃഷ്ണ ജയന്തി ആഘോഷങ്ങളുടെ 30 ല്‍ പരം ചിത്രങ്ങള്‍ കാണുക )
കേരള പ്രവാസി സംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം മാറ്റി വച്ചു
[20 Auguest 2011 - 10:06 AM]
സി. പി. ഐ. (എം) പോളിറ്റ് ബ്യൂറോ അംഗവും സി ഐ ടി യു മുന്‍ പ്രസിഡണ്ട് ആയിരുന്ന എം കെ പാന്ഥെയുടെ അന്തരിച്ചതിനാല്‍ ഇരിഞ്ഞാലക്കുട ആഗസ്റ്റ് 20 , 2011 ശനിയാഴ്ച എസ്. എസ്. ഹാളില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന കേരള പ്രവാസി സംഘം ഇരിഞ്ഞാലക്കുട ഏരിയ സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നതായി ഏരിയ പ്രസിഡന്റ് ( ആക്ടിംഗ് ) എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. എം കെ പാന്ഥെയുടെ നിര്യാണത്തില്‍ കേരള പ്രവാസി സംഘം ഇരിഞ്ഞാലക്കുട ഏരിയ അനുശോചനം രേഖപ്പെടുത്തി
എച്ച്. ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി. ടി. എ. വാര്‍ഷിക പൊതുയോഗം
[18 Auguest 2011 - 03:16 PM]
എച്ച്. ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി. ടി. എ. വാര്‍ഷിക പൊതുയോഗം 2011 ആഗസ്റ്റ് 19 നു വെള്ളിയാഴ്ച ഉച്ചക്ക് 1 : 30 നു ശ്രീനാരായണ ഹാളില്‍ ചേരുന്നു. തദവസരത്തില്‍ കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ 98 % മാര്‍ക്കോടെ എല്ലാ വിഷയങ്ങള്‍ക്കും A + വാങ്ങി ഇരിഞ്ഞാലക്കുടയില്‍ ഒന്നാമതെത്തിയ മനു ആന്റണി, എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A + വാങ്ങിയ റോജ രവീന്ദ്രന്‍, എസ് സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ആര്യ എം എ, മേഘ. ടി. ആര്‍., എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ 9 A + വാങ്ങിയ വിദ്യാര്‍തഥികള്‍ എന്നിവര്‍ക്ക് പി ടി എ യുടെ സമ്മാന വിതരണം ഉണ്ടായിരിക്കുന്നതാണ്. യോഗത്തില്‍ PSC കോച്ചിംഗ്, ചെസ്സ്, കരാട്ടെ, യോഗ, പെഴ്സണാലിറ്റി ഡ വ ല പ്പ് മെന്‍റ്, സ്പോക്കെന്‍ ഇംഗ്ലീഷ് തുടങ്ങി വിവിധ കോച്ചിംഗ് ക്ലാസ്സുകളെ കുറിച്ച് മുഖ്യ പരിശീലകര്‍ വിശദീകരണം നടത്തുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി എസ് സി ജിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ദ്രിശ്യ ദിവാകരനെയും വിനായക സര്‍വ്വകലാശാല M . Tech ഇലക്ട്രോണിക്സ് ഒന്നാം റാങ്കും ഗോള്‍ഡ് മെഡലും നേടിയ പി. ഗിരീഷ് കുമാറിനെയും അനുമോദിക്കുന്നു.
ഗുരുതരമായ വൃക്ക രോഗം ബാധിച്ച 33 വയസ്സുള്ള യുവാവ് സഹായം തേടുന്നു.
[18 Auguest 2011 - 02:10 PM]
ചേലൂര്‍ പള്ളിക്ക് സമീപം താമസിക്കുന്ന അച്ചങ്ങാടന്‍ ആഗസ്തി മകന്‍ ജോബി ( 33 വയസ്സ് ) ഗുരുതരമായ വൃക്ക രോഗം ബാധിച്ചു ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഇപ്പോള്‍ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം ഡയാലിസിസിനു വിധേയമായി കൊണ്ടിരിക്കുകയാണ്. ജോബിയുടെ ജീവന്‍ നിലനിറുത്തണമെങ്കില്‍ എത്രയും വേഗം വൃക്ക മാറ്റിവക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. ജോബിക്ക് ഭാര്യയും 3 വയസ്സും 1 വയസ്സും പ്രായമുള്ള രണ്ടു കുട്ടികളും ഉണ്ട്. ജോബിയുടെ ഭാര്യമാതാവ് വൃക്ക നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ഓപ്പറേഷനും ചികിത്സ ചിലവിനുമായി 10 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവ് വരും. ബന്ധുമിത്രാധികളുടെയും അയല്‍വാസികളുടെയും മറ്റും സഹായത്താലാണ് ഇതു വരെയുള്ള ചികിത്സ ചിലവുകള്‍ നിറവേറ്റി വന്നത്. ഇനിയും വലിയ ഒരു തുക കണ്ടെത്തുവാന്‍ ഇവര്‍ക്ക് നിവൃത്തി ഇല്ലാത്തതിനാല്‍ വാര്‍ഡ് മെമ്പര്‍ സുനന്ദ ശേഖരന്‍ രക്ഷാധികാരിയും സാജന്‍ അച്ചങ്ങാടന്‍ കണ്‍വീനറായും പോള്‍സണ്‍ കല്ലൂക്കാരന്‍, ഡേവിഡ് എരുമാക്കാട്ടുപറമ്പില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരും ആയി ഒരു കമ്മറ്റി രൂപീകരിച്ചു ജോബിയുടെ ചികിത്സക്കായുള്ള ഒരു ഫണ്ട് സ്വരൂപിക്കാന്‍ ഉദ്ദേശിച്ചു സൗത്ത് ഇന്ത്യന്‍ ബാങ്ക് പൂച്ചക്കുളം ശാഖയില്‍ 0234053000003940 നമ്പറായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും ജോലി ചെയ്യുന്ന, ജോബിയെ സഹായിക്കാനായി തയ്യാറുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ( സാജന്‍ അച്ചങ്ങാടന്‍ - 0091-9946727388 , സുനന്ദ ശേഖരന്‍ - 0091-9142492447)
എടതിരിഞ്ഞി ഡോട്ട് കോം സ്ഥാപനം ആയ "Edathirinji Traders" പ്രവര്‍ത്തനം ആരംഭിച്ചു
[17 Auguest 2011 - 02:52 PM]
പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രഥമ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം " ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ്" എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു സമീപം ഉള്ള കാവല്ലൂര്‍ ബില്‍ഡിംഗ് ഒന്നാം നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. "Edathirinji Traders" ന്‍റെ ഭാഗമായ വേള്‍ഡ് വെബ്സ് ഓണ്‍ലൈന്‍ (WorldWebsOnline.Com) , പ്രാദേശിക വാര്‍ത്താ വെബ്സൈറ്റ് എടതിരിഞ്ഞി ഡോട്ട് കോമിന്‍റെ വാര്‍ത്താ ഓഫീസ്, സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനം " ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡ്" എന്നിവയുടെ ഉദ്ഘാടനം ശ്രീ കീഴായില്‍ അറുമുഖന്‍, ശ്രീമതി ലീല അറുമുഖന്‍ എന്നിവര്‍ സംയുക്തമായി ഭദ്ര ദീപം തെളിയിച്ചു നിര്‍വഹിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (BSE) നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) എന്നിവിടങ്ങളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഓഹരികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും കൂടാതെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നതിനും (Equity Traded Funds - ETF) ഉള്ള സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുറഞ്ഞ ചെലവില്‍ വെബ് സൈറ്റുകള്‍ ഡിസൈന്‍ ചെയ്തു കൊടുക്കുന്നു. ഓണ്‍ലൈന്‍ ആയി ആര്‍ക്കും ഏവിടെ നിന്നും ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യങ്ങള്‍ വേള്‍ഡ് വെബ്സ് ഓണ്‍ലൈന്‍ നല്‍കുന്നു. വരും ദിവസങ്ങളില്‍ വാഹന ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഫോട്ടോ കോപ്പി, ലേസര്‍ പ്രിന്റിംഗ് തുടങ്ങിയ സേവനങ്ങള്‍ കൂടി ഇവിടെ നിന്നും ലഭ്യമാകും.
ശ്രീ. സി. വി. രവീന്ദ്രന്‍ ശാന്തി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ശാന്തിയായിട്ടു 35 വര്‍ഷം പിന്നിടുന്നു.
[17 Auguest 2011 - 12:02 AM]
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ശാന്തി ശ്രീ. സി. വി. രവീന്ദ്രന്‍ ശാന്തി ക്ഷേത്രത്തില്‍ ശാന്തിയായിട്ടു 35 വര്‍ഷം പൂര്‍ത്തിയാക്കി. 1976 ആഗസ്റ്റ് 16 നു ( ചിങ്ങം 1 ) നു ആണ് ക്ഷേത്രം ശാന്തിയായി ചുമതലയേറ്റത് തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ പുരോഗതിക്കായി നിരവധി കാര്യങ്ങള്‍ ശാന്തി എന്ന നിലയില്‍ ചെയ്യാന്‍ കഴിഞ്ഞു. നമ്മുടെ ഗ്രാമത്തിലെ പ്രധാന വിദ്യാലയത്തിന്‍റെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആയതു കൊണ്ട് നിരവധി കുട്ടികള്‍ ദിവസേന ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ നമ്മുടെ നാട്ടുകാര്‍ കൊണ്ടാടുന്ന പൂയ്യം മഹോത്സവം അതുപോലെ തന്നെ ആനയൂട്ട് മുതലായ ആഘോഷങ്ങള്‍ ക്ഷേത്രത്തിന്‍റെ പ്രത്യേകതയാണ്. ഒരു ക്ഷേത്രത്തില്‍ തന്നെ തുടര്‍ച്ചയായി 35 വര്‍ഷം ഒരു വ്യക്തി ജോലി ചെയ്യുക എന്നത് ഇക്കാലത്ത് വളരെ അപൂര്‍വ്വമാണ് . എന്നാല്‍ ശ്രീ. സി. വി. രവീന്ദ്രന്‍ ശാന്തിയുടെ ശ്രീ ശിവകുമാരേശ്വരനില്‍ ഉള്ള അതിയായ ഭക്തിയും ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും ആണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്. നമ്മുടെ ഗ്രാമത്തിലെ പ്രധാന ആരാധനാലയമായ ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ ശാന്തിയായി 35 വര്‍ഷം പൂര്‍ത്തിയാക്കിയ ശ്രീ. സി. വി. രവീന്ദ്രന്‍ ശാന്തിക്ക് എടതിരിഞ്ഞി ഡോട്ട് കോമിന്‍റെ ആശംസകള്‍.
ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു.
[15 Auguest 2011 - 10:45 PM]
എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടന്നു. രാവിലെ ഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു ആനയൂട്ട്. തുടര്‍ന്ന് എച്ച് ഡി പി സമാജം ശ്രീനാരായണ ഹാളില്‍ അന്നദാനവും നടന്നു. ചടങ്ങില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
ആനയൂട്ട് - 2011 ചിത്രങ്ങള്‍ കാണുക........
മാരാത്ത് വേലായുധന്‍ മകന്‍ സുരേന്ദ്രന്‍ ( 70 ) നിര്യാതനായി
[12 Auguest 2011 - 08:30 PM]
പോത്താനി : മാരാത്ത് സുരേന്ദ്രന്‍ നിര്യാതനായി. പരേതയായ മൈത്രിയാണ് ഭാര്യ. മക്കള്‍ : മനോജ്, ഷാജി, രഞ്ജിത്ത്, ഷീജ, ജോജി. മരുമക്കള്‍ : മിനി, മോനിഷ, ജിന്‍സി, ദിനേശ്, ദീപ. ശവസംസ്കാരം നാളെ ആഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
അണക്കത്തിപറമ്പില്‍ മാണി മകന്‍ കൊച്ചുണ്ണി ( 62 ) നിര്യാതനായി
[12 Auguest 2011 - 08:30 PM]
എടതിരിഞ്ഞി : അണക്കത്തിപറമ്പില്‍ മാണി മകന്‍ കൊച്ചുണ്ണി ( 62 ) നിര്യാതനായി. ഭാര്യ : ശോഭ, മക്കള്‍ : സൗമ്യ, സനീഷ്, മരുമകന്‍ : ബ്രിജേഷ്. സഹോദരങ്ങള്‍ : പരേതനായ രാമന്‍, പ്രൊഫസര്‍ എ എം കൃഷ്ണന്‍, എ എം. കുമാരന്‍, മീനാക്ഷി, ചന്ദ്രമതി. ശവസംസ്കാരം വീട്ടുവളപ്പില്‍ ഉച്ചക്ക് 12 :30 നു നടന്നു.
Edathirinji Traders ആഗസ്റ്റ് 17 നു എടതിരിഞ്ഞിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
[11 Auguest 2011 - 08:55 PM]
എടതിരിഞ്ഞി ഡോട്ട് കോമിന്‍റെ സ്ഥാപനം "Edathirinji Traders" ആഗസ്റ്റ് 17 നു ( ചിങ്ങം 1 ) രാവിലെ 10 മണിക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു. എടതിരിഞ്ഞി പോസ്റ്റ് ഓഫീസിനു സമീപം കാവല്ലൂര്‍ ബില്‍ഡിംഗ് ഒന്നാം നിലയില്‍ ആണ് സ്ഥാപനം. വിവിധ കമ്പനികളുടെ സേവനങ്ങള്‍ Edathirinji Traders ലൂടെ ലഭ്യമാകും. ഇന്ത്യയിലെ പ്രമുഖ ഓഹരി വ്യാപാര സ്ഥാപനം ആയ ഇന്ത്യ ഇന്‍ഫോലൈന്‍ ലിമിറ്റഡിന്‍റെ ഫ്രാഞ്ചിസി, വെബ് ഡിസൈന്‍, ഡൊമൈന്‍ റജിസ്ട്രഷന്‍, വെബ് ഹോസ്റിംഗ് സേവനങ്ങള്‍ക്കായി WorldWebsOnline.Com കൂടാതെ എടതിരിഞ്ഞി ഡോട്ട് കോമിന്‍റെ വാര്‍ത്താ വിഭാഗത്തിന്‍റെ ഓഫീസിന്‍റെ പ്രവര്‍ത്തനവും അന്ന് തന്നെ തുടങ്ങും. വരും ദിവസങ്ങളില്‍ കൂടുതല്‍ സേവനങ്ങള്‍ സ്ഥാപനത്തില്‍ നിന്ന് ലഭ്യമാകും. രണ്ടു പ്രമുഖ കമ്പനികളുടെ വാഹന ഇന്‍ഷുറന്‍സ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍, പ്രമുഖ കമ്പനികളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍, ചില ഇലക്ട്രോണിക് ഉല്‍പ്പനങ്ങളുടെ വില്‍പ്പന, ലേസര്‍ പ്രിന്റിംഗ്, ഡി. ടി. പി വര്‍ക്കുകള്‍, പ്രൊജക്റ്റ് വര്‍ക്കുകള്‍, ഫോട്ടോ കോപ്പി മുതലായ സര്‍വീസുകള്‍ ഉടനെ ആരംഭിക്കുന്നതായിരിക്കും. എടതിരിഞ്ഞി ഡോട്ട് കോമിന്‍റെ സ്ഥാപനമായ "Edathirinji Traders " ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 13 ന്
[10 Auguest 2011 - 08:10 PM]
കേരള പ്രവാസി സംഘം പടിയൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആഗസ്റ്റ് 13 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എടതിരിഞ്ഞി എച്ച്. ഡി. പി. സമാജം സ്കൂള്‍ ഹാളില്‍ പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അജിത പീതാംബരന്‍ ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി. ഇന്ദുമേനോന്‍, ജില്ലാ - ഏരിയ - കമ്മറ്റി ഭാരവാഹികള്‍ പങ്കെടുക്കുന്നതായി ഭാരവാഹികള്‍ എടതിരിഞ്ഞി ഡോട്ട് കോമിനെ അറിയിച്ചു.
എടതിരിഞ്ഞി H. D. P. സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു.
[06 Auguest 2011 - 05:45 PM]
എടതിരിഞ്ഞി H. D. P. സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം 2011 ആഗസ്റ്റ് 6 നു ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ഇരിഞ്ഞാലക്കുട എം. എല്‍. എ. ശ്രീ തോമാസ് ഉണ്ണിയാടന്‍ നിര്‍വ്വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ് ശ്രീമതി മേഴ്സി ടീച്ചര്‍ മാതൃസ്മരണാര്‍ത്ഥം ആണ് ഈ പദ്ധതി സ്കൂളിനു വേണ്ടി സമര്‍പ്പിച്ചത്, ഇതിനു വേണ്ടതായ മുഴുവന്‍ പദ്ധതി ചിലവും ശ്രീമതി മേഴ്സി ടീച്ചര്‍ ആണ് വഹിക്കുന്നത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ടീച്ചറുടെ പദ്ധതി വളരെ മാതൃകാപരമാണ് എന്ന് എം. എല്‍. എ പറഞ്ഞു. പടിയൂര്‍ അടക്കമുള്ള 3 പഞ്ചായത്തുകള്‍ക്ക് 27 കോടി രൂപ ചെലവില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നതോടെ ഇപ്പോള്‍ അനുഭവിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് പൂര്‍ണ്ണ പരിഹാരം ആകുമെന്ന് എം. എല്‍. എ പറഞ്ഞു. എടതിരിഞ്ഞി H. D. P. സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുടിവെള്ളം പൂര്‍ണമായും ശുദ്ധീകരിക്കുന്നതിനായി അത്യാധുനിക സംവിധാനങ്ങളുള്ള ഉപകരണങ്ങള്‍ ആണ് ഉപയോഗിക്കുന്നത് എന്നും പദ്ധതിക്ക് വേണ്ടി സാങ്കേതിക സഹായം നല്‍കിയ വാട്ടര്‍ ഡോട്ട് എന്ന കമ്പനിയുടെ ടെക്നിക്കല്‍ എഞ്ചിനീയര്‍ ശ്രീ. വി. സുനില്‍ പറഞ്ഞു. ശ്രീമതി ശ്രീദേവി ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീ. സി. എം. ഉണ്ണികൃഷ്ണന്‍ ( ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍) ശ്രീ. കെ. എസ്. രാധാകൃഷ്ണന്‍ ( പി. ടി. എ പ്രസിഡന്റ്) ശ്രീമതി. കെ. എ. സീമ (പ്രിന്‍സിപ്പാള്‍), ശ്രീ. സുബ്രമണ്യന്‍ പടിഞ്ഞാറേക്കര (സമാജം) എന്നിവര്‍ ആശംസകള്‍ നിര്‍വഹിച്ചു. ശ്രീ എം. ഡി. സുരേഷ് മാസ്റ്റര്‍ നന്ദി പറഞ്ഞു.